ലൈംഗികാതിക്രമത്തിന് എതിരെയുള്ള വിവാദങ്ങൾ പ്രധാന വിഷയമാക്കി പോപ് ഫ്രാൻസിസ് വത്തിക്കാനിൽ വിളിച്ചു ചേർത്ത ഉച്ചകോടിയിൽ മൂന്നാം ദിവസം മുന്നിട്ട് നിന്നതു സ്ത്രീകളുടെ സാന്നിധ്യമാണ്. “നിശബ്ദതയുടെ ചട്ടം തകർക്കുക, സുതാര്യത എന്നിവയായിരുന്നു മൂന്നാം ദിവസത്തെ ആശയം. ആദ്യമായി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത് സിസ്റ്റർ വെറോണിക്ക ഓപ്പണിബോ ആയിരുന്നു. സഭയുടെ കാലങ്ങൾ പഴക്കം ചെന്ന നിശബ്ദതയെ നിർദയം വിമർശിച്ചു കൊണ്ടാണ് സിസ്റ്റർ പറഞ്ഞു തുടങ്ങിയത്. പലപ്പോഴും പുരോഹിതന്മാരെ അവർ അർഹിക്കുന്നതിലും വലിയ പീഠങ്ങളിൽ പ്രതിഷ്ഠിക്കുന്നതാണ് ഇത്തരമൊരു അധികാര ദുർവിനിയോഗം ഉണ്ടാകാൻ കാരണമെന്നു അവർ അഭിപ്രായപ്പെട്ടു.
വത്തിക്കാനിലെ സെമിനാരിയിൽ ചേരുന്ന മാത്രയിൽ തന്നെ തങ്ങൾ മറ്റാരോ ആയിത്തീർന്നു എന്ന കുട്ടികളുടെ ചിന്താഗതിയിൽ മുതൽ മാറ്റങ്ങൾ തുടങ്ങണം. “മിക്കപ്പോഴും വിവാദങ്ങളുടെ കൊടുങ്കാറ്റു ഒഴിഞ്ഞു പോകുന്നതു വരെ നമ്മൾ നിശബ്ദരായിരുന്നു. എന്നാൽ ഇപ്പോഴത്തെ കൊടുങ്കാറ്റ് അങ്ങനെ കടന്നു പോകുന്ന ഒന്നല്ല. നമ്മുടെ വിശ്വാസ്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അതിന്റെ തെളിവാണ് വത്തിക്കാനിൽ തടിച്ചു കൂടിയിരിക്കുന്ന ആയിരക്കണക്കിന് വിശ്വാസികൾ”, അവര്‍ വ്യക്തമാക്കി. തന്റെ സംഭാഷണത്തിലുടനീളം പോപ് ഫ്രാൻസിസിനെ ‘ബ്രദർ ഫ്രാൻസിസ്’ എന്ന് അഭിസംബോധന ചെയ്ത സിസ്റ്റർ, ‘സീറോ ടോളറൻസ്’ (ഇത്തരം അതിക്രമങ്ങൾക്കെതിരെ സഹിഷ്ണുത പാടില്ല എന്ന പ്രതിഷേധക്കാരുടെ വാദം) എന്ന ആശയം ഉയർത്തിയ സാഹചര്യത്തിൽ പോപിനെ നോക്കി മാത്രമാണ് സംസാരിച്ചത്. പ്രതിഷേധക്കാരുടെ അതേ ആവശ്യം തന്നെ സഭയുടെ ഉള്ളിൽ ഉയർന്നു കേട്ടത് ഇതാദ്യമായിട്ടാണ്.
Read: നീതിക്കായുള്ള കുട്ടികളുടെ നിലവിളി സഭ കേള്‍ക്കാതിരിക്കരുത്: മാര്‍പാപ്പ
ഉച്ചകോടിയിലെ സ്ത്രീ സാന്നിധ്യത്തെപ്പറ്റിയും സിസ്റ്റർ വെറോണിക്ക സംസാരിക്കുകയുണ്ടായി. സാധാരണയായി ചർച്ചകൾക്കെല്ലാം പുരുഷന്മാരെയാണ് ക്ഷണിക്കാറുള്ളത്, ആ പതിവ് തെറ്റിച്ചു തന്നെ പോലെയുള്ളവരെയും ഈ ഉച്ചകോടിയിൽ ഉൾപ്പെടുത്തിയതിന് അവർ പോപിനോട് നന്ദി പറഞ്ഞു. ദൈവത്തിന്റെ പത്തു കല്പനകളെ കുറിച്ച് സംസാരിക്കവേ, സദാചാരത്തിന്റെയും നല്ല പെരുമാറ്റത്തിന്റെയും വക്താക്കളായി പ്രകടനം നടത്തുന്ന തങ്ങൾ കപടവേഷധാരികളാണെന്ന് സിസ്റ്റർ ചൂണ്ടിക്കാട്ടി. “നമ്മുടെ മീഡിയോക്രിറ്റിയും, നന്മയുടെ വ്യാജവേഷവും, അനുനയവുമാണ് സഭ എന്ന നിലയിൽ നമ്മളെ ഇത്തരമൊരു അപമാനകരവും, അപകീർത്തികരവുമായൊരു സാഹചര്യത്തിൽ കൊണ്ടെത്തിച്ചത്”, അവർ അഭിപ്രായപ്പെട്ടു. വൈദികരുടെ ലൈംഗികാതിക്രമത്തിനെക്കുറിച്ച് സംസാരിച്ചപ്പോൾ വൈദികരുടെ ചൂഷണങ്ങളെ തുറന്നു കാട്ടിയ, ഓസ്കാർ നേടിയ ‘സ്പോട്ട്‌ലൈറ്റ്’ എന്ന ചിത്രത്തക്കുറിച്ചും സിസ്റ്റർ പരാമർശിച്ചു. പട്ടിണിയും സംഘർഷവുമാണ് ലൈംഗികാതിക്രമത്തിനേക്കാൾ പ്രധാനമെന്ന ന്യായം പറഞ്ഞു അത്തരം കുറ്റകൃത്യങ്ങൾക്ക് എതിരെ മൗനം പാലിക്കുന്ന ഏഷ്യൻ, ആഫ്രിക്കൻ സഭകളെയും സിസ്റ്റർ ഗൗവരമായി വിമർശിക്കുകയുണ്ടായി.
Read More: ലൈംഗികാതിക്രമത്തിനെതിരായ വത്തിക്കാന്‍ ഉച്ചകോടി നല്ലത്, പക്ഷേ ഇവിടെ മാറ്റമുണ്ടാകുമോ?
It was interesting yesterday watching the press conference how many times the word “concrete” was used. Constant emphasis on need for “concrete” steps. Let us hope all this concrete talk turns into concrete actions. #PBC2019
— Marie Collins (@marielco) February 23, 2019
സിസ്റ്റർ വെറോണിക്കയുടെ പ്രസംഗത്തെ തുടർന്ന് സദസ്സിനെ അഭിസംബോധന ചെയ്ത മ്യൂണിക്കിലെ മെത്രാപ്പൊലീത്ത കർദിനാൾ റെയിൻഹാർഡ് മാർക്സ്, സ്ത്രീ ശബ്ദം ഇനിയും സഭയ്ക്കുള്ളിൽ ഉയരണമെന്നും, ഇത്തരം വിഷയങ്ങളിൽ അവരുടെ കാഴ്ചപ്പാടും വളരെ പ്രധാനമാണെന്നും വ്യക്തമാക്കി. ജർമനിയിലെ സഭകളിൽ ഈ അടുത്ത് നടന്ന അന്വേഷണങ്ങളിൽ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിച്ചതായും, അല്ലെങ്കിൽ അവ ശരിയായ രീതിയിൽ എഴുതിച്ചേർക്കപ്പെട്ടിട്ടില്ലതായും കണ്ടെത്തുകയുണ്ടായി എന്നദ്ദേഹം സദസ്സിനെ അറിയിച്ചു. ഇത് ജർമയിൽ മാത്രം നിലനിൽക്കുന്ന കാര്യമല്ലായെന്നും ലോകമെമ്പാടുമുള്ള ദേവാലയങ്ങളിലും ഇതുതന്നെയാകും അവസ്ഥ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സുതാര്യത സഭയെ ഇല്ലാതാക്കില്ല, മറിച്ചു സുതാര്യത ഇല്ലായ്‌മയും, കുറ്റകൃത്യങ്ങൾ മറച്ചു വയ്ക്കുന്നതുമായിരിക്കും സഭയുടെ പേരില്ലാതാക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. “സഭയിലുള്ള വിശ്വാസികളുടെ വിശ്വാസ്യത പഴയപടി ആക്കാൻ എന്തു ചെയ്യാൻ സാധിക്കുമെന്ന് നമ്മൾ ആലോചിക്കണം. അവർക്ക് നമ്മളെ വിശ്വസിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ അത് നമുക്ക് മനസിലാക്കാവുന്നതേയുള്ളു. എന്നാൽ അതു കാരണം നമ്മൾ ശരിയായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നത് നിർത്തരുത്. നമ്മൾ എന്ത് ചെയ്തു, ചെയ്തില്ല എന്നുള്ളതിനെക്കുറിച്ചു നമുക്ക് ധാരണ ഉണ്ടാകണം. പീഡിതരോട് മാപ്പ് അപേക്ഷിക്കണം എന്ന് പറയാൻ ഞാൻ മടിക്കുന്നു. കാരണം നമ്മൾ അതുപോലും അർഹിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.
At Presser for Vatican Sexual Abuse Summit #PBC2019, Cardinal Marx clarifies and expands on comments he made stating the Church had destroyed and manipulated documents to protect priests who were abusers. He confirmed he was speaking about what had occurred in Germany pic.twitter.com/0KtQYKbqtu
— Catholic Sat (@CatholicSat) February 23, 2019
തുടർന്നു സംസാരിച്ചത് 1974 മുതൽ സഭയിലെ കാര്യങ്ങൾ റിപ്പോർട്ട് ചെയുന്ന പത്രപ്രവർത്തക വാലെൻറ്റീന അൽസരാക്കിയാണ്. ” നൽകുന്ന ഉപദേശം എന്താണോ അതു തന്നെ തങ്ങളുടെ പ്രവൃത്തിയിലും കൊണ്ടു വരുന്ന പ്രസ്ഥാനങ്ങളെയാണ് വിശ്വാസികൾ കൂടുതൽ വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്നത്. തെറ്റുകൾ ഉണ്ടാകുമ്പോൾ അറിയിക്കേണ്ടവരെ അറിയിക്കുകയും, തുടർന്ന് വീക്ഷിക്കുകയും വേണം. ഇത്തരം സാഹചര്യങ്ങളിലാണ് മാധ്യമ പ്രവർത്തകർ നിങ്ങളുടെ കൂട്ടുകാരാകുന്നത്. കുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് റിപ്പോർട്ട് ചെയ്യുന്നത് വിവാദമുണ്ടാക്കലല്ല, കുറ്റകൃത്യം ചൂണ്ടിക്കാണിക്കലാണ്,” എന്നവർ പറഞ്ഞു. ഈ ഹാൾ വിട്ടു പോകുമ്പോൾ ഒരു കുറ്റകൃത്യം മറച്ചുവയ്ക്കാനല്ല മറിച്ചു അത് പുറത്തു കൊണ്ടു വരാനും നീതി നടപ്പാക്കുന്നതിൽ സഹായിക്കാനും കഴിഞ്ഞു എന്നതുമാണ് തന്റെ മനസ്സിൽ നിലനിൽക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ പ്രസംഗത്തിന്റെ അവസാനത്തിൽ, ഉച്ചകോടിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത വിഷയമായ സ്ത്രീകൾക്കും, കന്യാസ്ത്രീകൾക്കും എതിരായ ലൈംഗിക അതിക്രമങ്ങളെ കുറിച്ചും അവർ സംസാരിച്ചു. സഭയുടെ അടുത്ത വിവാദത്തിനുള്ള കാരണമാണ് അതെന്നും, പോപ് ഫ്രാൻസിസ് ഉൾപ്പെടെ അത്തരമൊരു കുറ്റകൃത്യത്തിന്റെ നിലനിൽപിനെ ശരി വച്ചതാണെന്നും അവർ വെളിപ്പെടുത്തി. ഇത്തരം കറ്റകൃത്യങ്ങൾ ലൈംഗിക അതിക്രമങ്ങൾ മാത്രമായി കാണാൻ കഴിയില്ല, വ്യക്തമായ അധികാരത്തിന്റെ ദുർവിനിയോഗം കൂടെയാണ് എന്നും അവർ കൂട്ടിച്ചേർത്തു. ഇവിടെ നിന്നും പിരിയുമ്പോൾ, വൈദിക സമൂഹം ഇത്തരം കുറ്റകൃത്യങ്ങൾ പുറത്തേക്കു കൊണ്ടു വരാൻ സഹകരിക്കുകയാണെങ്കിൽ മാധ്യമ പ്രവര്‍ത്തകരെ സുഹൃത്തുക്കളായി തന്നെ കാണാൻ കഴിയുമെന്നും അല്ലാത്തപക്ഷം വിവാദങ്ങൾ സൃഷ്ടിക്കുന്ന കഴുകന്മാരെന്ന് പിന്നെയും മുദ്രകുത്താമെന്നും അവർ പറഞ്ഞു നിർത്തി.
Read More: ലൈംഗിക അതിക്രമങ്ങൾക്കെതിരെയുളള പോപ്പിന്റെ ഉച്ചകോടിക്ക് തുടക്കം, അറിയേണ്ടതെല്ലാം
തുടർന്ന് പോപ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയിലും കുമ്പസാരത്തിലും, തങ്ങൾ തെറ്റു ചെയ്തവരാണെന്നും തങ്ങളോട് ക്ഷമിക്കണമെന്നും ഉച്ചകോടിയിൽ പങ്കെടുത്ത മുഴുവൻ വൈദികവൃന്ദവും പ്രാർത്ഥിച്ചു. ലുക്കിന്റെ മുടിയനായ പുത്രനിലെ സ്തോത്രങ്ങൾ പറഞ്ഞു കൊണ്ടായിരുന്നു പ്രാർത്ഥന. തങ്ങൾ ചെയ്ത തെറ്റിനെ കുറിച്ച് ആഴത്തിൽ ചിന്തിക്കാനും മനഃസാക്ഷിയെ തിരുത്താനും അവർ പോപ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ പ്രാർത്ഥിച്ചു. തുടർന്ന് ചെറുപ്പത്തിൽ വൈദികനിൽ നിന്നും ലൈംഗിക അത്രിക്രമം നേരിട്ട ഒരു സ്ത്രീയും പുരുഷനും സഭയെ അഭിസംബോധന ചെയ്തു തങ്ങളുടെ പ്രശ്നം പറയുകയുണ്ടായി.
ഇതേ സമയം തന്നെ, കുട്ടികളുടെ സംരക്ഷണത്തിന് ചുമതലയുള്ള സഭയുടെ കമ്മീഷന്റെ മുഖ്യനായ ഫാദർ ഹാൻസ് സോൾനർ വിളിച്ചു ചേർത്ത പത്രസമ്മേളനം പുതിയ ആരോപണങ്ങൾക്ക് വഴിവച്ചു. ഉച്ചകോടിയിൽ പങ്കെടുത്ത പേര് വ്യതമാക്കാത്ത എട്ടു അതിജീവിച്ചവർ ചൂണ്ടിക്കാട്ടിയ വൈദികർ ഇപ്പോഴും സഭയിലുണ്ടോ എന്ന ചോദ്യത്തിന് നൽകിയ ഉത്തരമാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്. ഉച്ചകോടിയിൽ പങ്കെടുത്ത എട്ടു അതിജീവിച്ചവരും വൈദികരുടെ പേര് വെളിപ്പെടുത്താത്തത് കാരണം അവരിപ്പോഴും സഭയിലുണ്ടോ എന്നുളളതിനെ കുറിച്ച് തനിക്ക് അറിയില്ല എന്നാണ് ഫാദർ പറഞ്ഞത്. ഇത് പ്രതിഷേധക്കാർക്കിടയിൽ ഉച്ചകോടിയുടെ സത്യസന്ധതയെ കുറിച്ചുള്ള സംശയങ്ങൾ വരെ ഉയർത്തി. ലൈംഗികാതിക്രമം അതിജീവിച്ചവരും, ഫാദർ ഹാൻസ് മുഖ്യനായ കമ്മീഷന്റെ മുൻ അംഗവുമായ അയർലൻഡുകാരിയായ മേരി കോളിൻസ് ഉച്ചകോടിയുടെ ഗൗരവമില്ലായ്മയെ വിമർശിച്ചു. “വത്തിക്കാന് ഇപ്പോഴും ഈ പറഞ്ഞ എട്ടു വൈദികർ ആരാണെന്നു അറിയില്ലെങ്കിൽ അവർ നടത്തുന്ന ഉച്ചകോടിയിൽ എന്ത് വിശ്വാസ്യതയാണ് പുലർത്താൻ സാധിക്കുക? എട്ടു അതിജീവിച്ചവരെ കൊണ്ടു വരുക അവരുടെ കഥ കേൾക്കുക എന്നതിലപ്പുറം, ആ വൈദികർ ഇപ്പോഴും സഭയിൽ തുടരുന്നോ എന്നു പോലും വത്തിക്കാന് അന്വേഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ അവർ ഈ ഉച്ചകോടി കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?” കോളിൻസ് ചോദിച്ചു.
Read More: ‘ഞങ്ങൾ നീതി പുലർത്തിയില്ല’ ഒടുവില്‍ സഭാനേതൃത്വം മാപ്പ് പറയുന്നു
ഇതേ തുടർന്നു വത്തിക്കാനിൽ തടിച്ചു കൂടിയ പ്രതിഷേധക്കാരും ഇതേ അഭിപ്രായം പറയുകയുണ്ടായി. പേര് വെളിപ്പെടുത്താനോ, പീഡിപ്പിച്ച വ്യക്തി ആരെന്നു ചൂണ്ടിക്കാണിക്കാനോ തയ്യാറാകാത്തവരെ എന്തിനു വത്തിക്കാൻ തിരഞ്ഞെടുത്തു എന്നാണ് ഒരു വിഭാഗം ചോദിച്ചത്. വത്തിക്കാന് പുറത്തു പ്രതിഷേധത്തിന് എത്തിയവരിൽ ഭൂരിഭാഗം പേരും തങ്ങളുടെ വ്യക്തിത്വം വെളുപ്പെടുത്തിക്കൊണ്ടു തന്നെ വത്തിക്കാനോട് സംസാരിക്കാൻ തയ്യാറായവരാണ്. വൈദികരുടെ പേര് വെളിപ്പെടുത്താനും മടിയില്ല. എന്നിട്ടും എന്തു കൊണ്ട് വളരെ കൃത്യമായി ആ എട്ടു പേരിലേക്ക് മാത്രം പട്ടിക ഒതുങ്ങി എന്നവർ ചോദിക്കുന്നു. കൂടാതെ ഇവരുടെ എല്ലാം തന്നെ റെക്കോർഡ് ചെയ്യപ്പെട്ട വീഡിയോ ആണ് സഭയിൽ പ്രദർശിപ്പിച്ചത്. അതെന്തു കൊണ്ടാണെന്നും അവർ ചോദിച്ചു. ദിവസം കഴിയും തോറും വത്തിക്കാനിൽ കൂടി നിൽക്കുന്ന സമൂഹത്തിന്റെ സംശയങ്ങൾ കൂടിക്കൂടി വരികയാണ്. കഴിഞ്ഞ മൂന്ന് ദിവസവും വിദ്യാഭ്യാസ പരമായ ചർച്ചകൾ മാത്രം നടക്കുകയും, അഭിപ്രായങ്ങളും, ആശയങ്ങളും ഉന്നയിക്കുകയും മാത്രമേ നടന്നിട്ടുള്ളൂ. ദൃഢമായ തീരുമാനങ്ങള്‍ എടുക്കും എന്ന് പറയുന്നതല്ലാതെ ഇതുവരെ വത്തിക്കാന്റെ ഭാഗത്ത് നിന്നും അത്തരമൊരു നീക്കം ഉണ്ടായിട്ടില്ല. മേരി കോളിൻസ് തന്റെ ട്വിറ്ററിൽ കുറിച്ച പോലെ, ‘ദൃഢമായ’ എന്ന വാക്ക് പത്രസമ്മേളനങ്ങളിൽ മാത്രം ചുരുങ്ങി പോകാതെ, നടപടിയിലും പ്രതിഫലിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.