മാഡ്രിഡ്: സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയന്‍ പാര്‍ലമെന്‍റ് സ്പെയിന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു. കാറ്റലോണിയയിൽ ഇടക്കാല തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ഡിസംബർ 21നാണ് തിരഞ്ഞെടുപ്പ് നടത്തുകയെന്നാണ് സ്പെയിൻ അറിയിച്ചത്. കാറ്റലോണിയയില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്താനുള്ള സ്പാനിഷ് സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം കാറ്റലോണിയ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്.

സ്വതന്ത്ര, പരമാധികാര, സോഷ്യൽ ഡമോക്രാറ്റിക് രാജ്യമായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയമാണു കാറ്റലോണിയയിലെ പ്രാദേശിക പാർലമെന്റ് ഇന്നലെ പാസാക്കിയത്. സ്വതന്ത്രരാജ്യമായി അംഗീകരിക്കണമെന്നു മറ്റു രാജ്യങ്ങളോടു പ്രമേയത്തിൽ ആവശ്യപ്പെട്ടു. സ്പെയിനുമായി തുടർചർച്ചകൾക്കുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു. എന്നാൽ, കാറ്റലോണിയയിൽ നേരിട്ടു ഭരണം നടത്താൻ പ്രധാനമന്ത്രി മരിയാനോ രജോയിയെ ചുമതലപ്പെടുത്തിക്കൊണ്ടു സ്പെയിനിലെ പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റ് തീരുമാനിച്ചു. മന്ത്രിസഭ കൂടി, പ്രധാനമന്ത്രി തുടർനടപടികൾ പ്രഖ്യാപിക്കും. സ്പെയിൻ പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവനയിൽ രാജ്യത്തെ മുഴുവൻ ജനങ്ങളോടും ശാന്തരായിരിക്കാൻ ആഹ്വാനം ചെയ്തു. കാറ്റലോണിയയിൽ നിയമാനുസൃത ഭരണം നിലവിൽ വരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഭരണഘടനയുടെ 155-ാം വകുപ്പ് പ്രയോഗിച്ചാണ് കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കിയതും സ്പെയിന്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും. 135 അംഗ പാര്‍ലമെന്‍റില്‍ 70 പേരുടെ പിന്തുണയോടെയായിരുന്നു സ്പെയിനില്‍നിന്നും ഔദ്യോഗികമായി കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. സോഷ്യലിസ്റ്റ് പാര്‍ട്ടി, പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങള്‍ കാറ്റലോണിയയില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സ്വാതന്ത്യത്തെ അനുകൂലിച്ച 70 അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സ്പാനിഷ് അറ്റോർണി ജനറലും അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ