ബാഴ്സലോണ: സ്പാനിഷ് ഭരണകൂടത്തിന്റെ എതിര്‍പ്പിനെ മറികടന്നു രാജ്യത്തു നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനായി കാറ്റലോണിയ നടത്തുന്ന ഹിതപരിശോധന ആരംഭിച്ചു. സ്പാനിഷ് ഭരണകൂടം ഹിതപരിശോധനയെ ശക്തമായി തടയുകയാണ്. പലയിടത്തും പൊലീസും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളും നടക്കുന്നുണ്ട്. ഹിതപരിശോധന അനുകൂലികള്‍ക്കെതിരേ പൊലീസ് റബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. പൊലീസ് അക്രമത്തിൽ ഇതിനോടകം 38 പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. പൊലീസിന്റെ എതിര്‍പ്പുകള്‍ക്കിടയിലും കറ്റാലന്‍ ജനത വലിയ തോതില്‍ ഹിതപരിശോധനയില്‍ പങ്കെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

പോളിങ് സ്റ്റേഷനുകളിലേക്ക് തള്ളിക്കയറിയ പൊലീസ് വോട്ടെടുപ്പ് തടസ്സപ്പെടുത്തി ജനങ്ങളെ അടിച്ചോടിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും നേരെ പൊലീസ് ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നത് വീഡിയോയിൽ കാണാം.

ഹിരോണ പ്രവിശ്യയിലെ പോളിങ് സ്റ്റേഷനുകളിലൊന്നില്‍ കാറ്റലോണിയൻ വിഘടനവാദി നേതാവ് കാൾസ് പഗ്ഡമൻഡ് വോട്ടു ചെയ്യാനെത്തുന്നതിനു തൊട്ടുമുൻപായിരുന്നു പൊലീസ് ഇരച്ചു കയറിയത്. ജനങ്ങളുടെ മുദ്രാവാക്യംവിളിക്കും കാറ്റലോണിയൻ ദേശീയഗാനം പാടുന്നതിനും ഇടയിൽ പൊലീസ് ചില്ലുവാതിൽ തല്ലിത്തകർത്ത് അകത്തുകയറി.

‘സമാധാനത്തിന്റെ വക്താക്കളാണു ഞങ്ങൾ’ എന്ന മുദ്രാവാക്യവുമായി വന്ന ജനക്കൂട്ടത്തിനു നേരെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. അക്രമം പ്രതീക്ഷിച്ചതിനാൽ ആംബുലൻസുകളും അടിയന്തര ശുശ്രൂഷാസംവിധാനങ്ങളും തയാറാക്കിയിരുന്നു. അതിനിടെ പഗ്ഡമൻഡ് മറ്റൊരു പോളിങ് സ്റ്റേഷനിലെത്തി വോട്ടു ചെയ്തു.

ഹിതപരിശോധന ഭരണഘടനാ വിരുദ്ധമാണെന്നു കാണിച്ച് അടിച്ചമർത്താൻ ആയിരക്കണക്കിനു പൊലീസിനെയാണ് സ്പെയിൻ സർക്കാർ നിയോഗിച്ചിരുന്നത്. രാവിലെ ഒൻപതോടെ 2300ഓളം പോളിങ് സ്റ്റേഷനുകളിൽ വോട്ടിങ് ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ പോളിങ് കേന്ദ്രങ്ങളായ സ്കൂളുകളിലേറെയും വെള്ളിയാഴ്ച തന്നെ പൊലീസ് അടച്ചുപൂട്ടി.

അനുകൂല ജനവിധിയുണ്ടായാൽ 48 മണിക്കൂറിനകം സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാണു മേഖലാ സർക്കാരിന്റെ തീരുമാനം. കഴിഞ്ഞ മാസം ആറിനാണു കാറ്റലോണിയ പാർലമെന്റ് ഹിതപരിശോധനയ്ക്ക് അംഗീകാരം നൽകിയത്. പിറ്റേന്നു ഹിതപരിശോധന വിലക്കി രാജ്യത്തെ ഭരണഘടനാ കോടതി ഉത്തരവിട്ടു. സ്പെയിനിലെ ഏറ്റവും സമ്പന്നമായ മേഖലയായ കാറ്റലോണിയ സ്വതന്ത്ര ഭരണപ്രദേശമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ