ബാഴ്സലോണ: കാറ്റലോണിയയുടെ മേല്‍ കൂടുതല്‍ അധികാരം സ്ഥാപിക്കാന്‍ സ്പെയിന് ശ്രമിക്കുന്നതിനിടെ കാറ്റലോണിയ സ്വതന്ത്ര്യമായതായി പാര്‍ലമെന്റ് പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച പ്രമേയം പാര്‍ലമെന്റ് പാസാക്കി. 135 പാര്‍ലമെന്റ് അംഗങ്ങളില്‍ 70 പേര് സ്പെയിനില്‍ നിന്നുളള സ്വാതന്ത്ര്യത്തെ അനുകൂലിച്ചു. 10 പേര് എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ രണ്ട് വോട്ടുകള്‍ അസാധുവായി. പ്രതിപക്ഷ എംപിമാര്‍ വോട്ടിന് മുമ്പ് പാര്‍ലമെന്റില്‍ നിന്നും ഇറങ്ങിപ്പോയി. കാറ്റലോണിയയുടെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന ആയിരക്കണക്കിന് വരുന്ന ജനങ്ങള്‍ പാര്‍ലമെന്റിന് പുറത്ത് ഒത്തുകൂടി ആഹ്ളാദം പങ്കുവെച്ചു.
എന്നാല്‍ പ്രഖ്യാപനത്തിന് നിയമസാധുത ഉണ്ടാവില്ലെന്ന് സ്പെയിന് പ്രധാനമന്ത്രി മരിയാനോ രജോയ് പറഞ്ഞു. എന്തുവില കൊടുത്തും രാജ്യത്തെ വിഭജിക്കാനുള്ള നീക്കം തടയുമെന്ന് സ്പെയിന് വ്യക്തമാക്കി. തങ്ങളുടെ സ്വപ്നത്തിലേക്കുള്ള കാൽവയ്പാണ് ഇതെന്ന് കറ്റാലൻ പ്രസിഡന്റ് കാൾസ് പഗ്ഡമൻഡി പറഞ്ഞു. സ്പെയിനിൽ നിന്നു വേർപെട്ടു സ്വതന്ത്ര രാജ്യമാവുന്നതിന് ഒക്ടോബർ ഒന്നിലെ ഹിതപരിശോധനാ ഫലം തങ്ങൾക്ക് അനുമതി നൽകുന്നുണ്ടെന്നാണു കറ്റാലൻ നേതാക്കളുടെ നിലപാട്.
കാറ്റലോണിയയിലെ എല്ലാ സിവിൽ, പോലീസ് ഉദ്യോഗസ്ഥരും കറ്റാലൻ സർക്കാരിന്റെ ഉത്തരവുകൾ മാത്രമേ അനുസരിക്കുകയുള്ളുവെന്നു കാറ്റലോണിയയുടെ വിദേശകാര്യ ചീഫ് റാവുൽ റോമേവ ബിബിസി റേഡിയോയോടു പറഞ്ഞു.
വടക്കു-കിഴക്കൻ സ്പെയിനിലെ സമ്പന്ന സംസ്ഥാനമാണ് കാറ്റലോണിയ. 17 പ്രവിശ്യകളും ബാഴ്സലോണ ഉള്‍പ്പെടെ രണ്ട് നഗരങ്ങളുമുള്‍പ്പെട്ട കാറ്റലോണിയ സ്വതന്ത്രഭരണ പ്രദേശമാണ്. കാറ്റലോണിയയിലെ ബഹുഭൂരിപക്ഷവും സ്വന്തം രാഷ്ട്രമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്.
സ്പാനിഷ് സമ്പദ്വ്യവസ്ഥക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന സംസ്ഥാനത്തോട് പതിറ്റാണ്ടുകളായി സ്പാനിഷ് സർക്കാർ അവഗണന തുടരുന്നെന്ന് ആരോപിച്ചാണ് സ്വതന്ത്രരാഷ്ട്രത്തിന് മുറവിളി ഉയരുന്നത്.