ബാഴ്സലോണ: സ്വതന്ത്ര രാഷ്ട്രമെന്ന ആവശ്യമുയർത്തി സ്പെയിനിലെ കാറ്റലോണിയ പ്രവിശ്യയിൽ ജനങ്ങൾ ബലമായി നടത്തിയ ഹിതപരിശോധന അനുകൂലമെന്ന് വിമതർ. ഹിത പരിശോധനയിൽ 90 ശതമാനം പേരും അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് കറ്റാലൻ വിമത നേതാക്കൾ പ്രഖ്യാപിച്ചത്. അതേസമയം 46 ശതമാനം പേർ മാത്രമേ രേഖപ്പെടുത്തിയുള്ളൂ എന്ന നിലപാടിലാണ് സ്പെയിൻ സർക്കാർ.

സ്പെയിനിലെ പരമോന്നത കോടതിയിലെ ഭരണഘടനാ ബെഞ്ച് ഹിതപരിശോധനയെ എതിർത്ത് വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ കാറ്റലോണിയയിലെ വിമതർ ഹിതപരിശോധന നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയും സ്വന്തം നിലയ്ക്ക് ഹിതപരിശോധന നടത്തുകയുമായിരുന്നു. ഹിതപരിശോധന അനുകൂലമാണെന്ന് വിമത നേതാവ് കാർലോസ് പ്യുഗ്ഡെമൗണ്ടാണ് പറഞ്ഞത്.

തുറമുഖ നഗരമായ ബാഴ്സലോണ തലസ്ഥാനമായി പുതിയ രാജ്യം വേണമെന്നാണ് കാറ്റലോണിയയിലെ പ്രാദേശിക ഭരണ നേതൃത്വത്തിന്റെ കൂടി പിന്തുണയോടെ വിമതർ ആവശ്യപ്പെട്ടത്. ഇന്നലെ ഹിതപരിശോധന പൊലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ അക്രമത്തിൽ ആയിരത്തിലേറെ പേർക്ക് പരുക്കേറ്റിരുന്നു.

92 പോളിങ് ബൂത്തുകൾ പൊലീസ് പിടികൂടിയിരുന്നു. ബാഴ്സിലോണ സ്പെയിനിന്റെ വാണിജ്യതലസ്ഥനമായാണ് അറിയപ്പെടുന്നത്. കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ നിർമിക്കുന്നതും കാറ്റലോണിയയിലാണ്. ഈ നിലയിൽ കാറ്റലോണിയക്ക് സ്വതന്ത്ര പദവി നൽകിയാൽ അത് സ്പെയിനിന് കനത്ത സാമ്പത്തിക ആഘാതം ഏൽപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ