മാഡ്രിഡ്: പുറത്താക്കപ്പെട്ട മുന്‍ കറ്റാലന്‍ പ്രവിശ്യാ പ്രസിഡന്റ് കാര്‍ലെസ് പീജ്മോണ്ടും നാലു മുന്‍ മാന്ത്രിമാരും പൊലീസ് പിടിയില്‍. ഇവര്‍ക്കെതിരെ കഴിഞ്ഞ ദിവസം യൂറോപ്യന്‍ അറസ്റ്റ് വാറണ്ട്(ഇഎഡബ്ല്യു) പുറപ്പെടുവിച്ചിരുന്നു. അഞ്ചു കാറ്റലോണിയന്‍ നേതാക്കളേയും സ്പെയിനിന് കൈമാറാനുളള നടപടികള്‍ കൈക്കൊളളും. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും സ്പാനിഷ് ജഡ്ജിക്ക് മുമ്പാകെ ഇവരെ ഹാജരാക്കുമെന്നും ബ്രസല്‍സ് പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം നേതാക്കള്‍ കീഴടങ്ങിയതാണെന്നാണ് വിവരം.

അടുത്തതായി എന്ത് നടപടി കൈക്കൊളളണമെന്ന് 24 മണിക്കൂറിനകം ജഡ്ജി തീരുമാനിക്കും. കാറ്റലോണിയയെ സ്വതന്ത്ര്യമായി പ്രഖ്യാപിച്ച നടപടിക്ക് പിന്നാലെ അഞ്ച് നേതാക്കളേയും സ്പെയിന്‍ പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ ബെല്‍ജിയത്തേക്ക് കടന്നു. പിന്നാലെ മാഡ്രിഡിലെ ഹൈക്കോടതി നടന്ന വിചാരണയില്‍ അഞ്ചു പേരും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സ്പാനിഷ് ജഡ്ജി ഇഎഡബ്ല്യു പുറപ്പെടുവിച്ചത്.

ബ്രസല്‍സില്‍ തുടര്‍ന്നുകൊണ്ടു അന്വേഷണവുമായി സഹകരിക്കാമെന്ന പീജ്മോണ്ടിന്റെ നിലപാടു സ്പാനിഷ് ജഡ്ജി അംഗീകരിച്ചില്ല. വീഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന അഭ്യര്‍ഥനയും കോടതി തള്ളി. സ്പെയിന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട കാറ്റലോണിയ മന്ത്രിസഭയിലെ എട്ട് മുന്‍ മന്ത്രിമാരെയും വിചാരണയ്ക്ക് ശേഷം സ്പാനിഷ് ഹൈക്കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നു. കലാപത്തിന് പ്രേരിപ്പിക്കല്‍, രാജ്യദ്രോഹം, പൊതുപണം ദുരുപയോഗം എന്നീ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 50,000 യൂറോ പിഴയൊടുക്കിയതിനെ തുടര്‍ന്നു ഒരാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

കാറ്റലോണിയയില്‍ സ്പാനിഷ് ഭരണകൂടം നിയന്ത്രണം ഏറ്റെടുത്തതോടെയാണ് പീജ്മോണ്ടും അദ്ദേഹവും അടുത്ത അനുയായികളും രാജ്യംവിട്ടത്. സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രഹോയ് പ്രവിശ്യാ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഡിസംബര്‍ 21നു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ പീജ്മോണ്ടിന്റെ അനുയായികള്‍ മത്സരിക്കുമെന്നു സൂചന നല്‍കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook