/indian-express-malayalam/media/media_files/uploads/2023/06/Vivek-Raj.jpg)
വിവേക് രാജ്
ബെംഗളൂരു: ജോലി സ്ഥലത്തെ ജാതിവിവേചനത്തെയും അതിക്രമത്തെയും തുടർന്ന് ബെംഗളൂരുവിൽ ദലിത് യുവാവ് ആത്മഹത്യ ചെയ്തു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിവേക് രാജ് (35) ആണ് ഫ്ലാറ്റിൽ ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിനു മുൻപ് യുവാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും യൂട്യൂബിൽ ഒരു വീഡിയോ പുറത്തിറക്കുകയും ചെയ്തിരുന്നു.
“ഇനി ഇതിനെതിരെ പോരാടാൻ തനിക്ക് കഴിയില്ല,” വീഡിയോയിൽ ഉത്തർപ്രദേശിൽ നിന്നുള്ള വിവേക് രാജ് പറഞ്ഞു. ഉത്തർപ്രദേശിലെ കപ്തംഗഞ്ച് ബസ്തി സ്വദേശിയായ വിവേക് ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലെ റിപ്പബ്ലിക് ഓഫ് വൈറ്റ്ഫീൽഡിലാണ് താമസിച്ചിരുന്നത്. ലൈഫ്സ്റ്റൈൽ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൽ വിഷ്വൽ മർച്ചൻഡൈസറായി ജോലി ചെയ്തു വരികയായിരുന്നു.
മരിക്കുന്നതിനു മുൻപായി തന്റെ മൂന്നു സഹപ്രവർത്തകർക്കെതിരെ മറാത്തഹള്ളി പൊലീസ് സ്റ്റേഷനിൽ വിവേക് പരാതി നൽകിയിരുന്നു. കമ്പനിയിലെ രണ്ട് മുതിർന്ന ജീവനക്കാർ തന്നോട് ജാതിയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നുവെന്നായിരുന്നു പരാതി.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തന്റെ കമ്പനിയുടെ എച്ച്‌ആറിൽ ജാതി വിവേചന പ്രശ്നം വിവേക് ചൂണ്ടിക്കാണിച്ചുവെങ്കിലും നടപടി ഉണ്ടായില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
''ഞങ്ങളുടെ മുൻ ജീവനക്കാരന്റെ വിയോഗവാർത്തയിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പമുണ്ട്. വിവേക് ഒരു പരാതി ഉന്നയിച്ചിരുന്നു, കമ്പനി നയങ്ങൾക്കനുസൃതമായി സമഗ്രമായ ഒരു ആഭ്യന്തര അന്വേഷണം നടത്തുകയും ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തു. ഈ വിഷയം സബ് ജുഡീഷ്യൽ ആയതിനാലും പൊലീസ് അന്വേഷിക്കുന്നതിനാലും ഞങ്ങൾ അവരുടെ അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നു,'' ദി ഇന്ത്യൻ എക്സ്പ്രസിന്റെ അഭിപ്രായത്തിനുള്ള മറുപടിയായി ലൈഫ് സ്റ്റൈൽ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു.
''പൊലീസിൽ പരാതി നൽകുന്നതിനും മരിക്കുന്നതിനും മുൻപായി അവൻ എന്നെ പലതവണ വിളിച്ചു. എന്നാൽ, അവൻ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്നും ചോദിക്കാറുള്ള ചില പതിവു കാര്യങ്ങളും എന്റെ ആരോഗ്യത്തെക്കുറിച്ചും മാത്രമാണ് ചോദിച്ചത്. 20 വർഷങ്ങൾക്കു മുൻപ് എനിക്ക് ഭാര്യയെ നഷ്ടമായി. എനിക്കെല്ലാം എന്റെ മകനായിരുന്നു. അവന്റെ വിദ്യാഭ്യാസത്തിനുവേണ്ടി ഞാൻ കഴിയുന്നതെല്ലാം ചെയ്തു. ഇപ്പോൾ, അവൻ കൂടി പോയതോടെ ജീവിതകാലം മുഴുവൻ എനിക്ക് ഒറ്റയ്ക്ക് ജീവിക്കേണ്ടിവരും,'' വിവേകിന്റെ പിതാവ് രാജ്കുമാർ (67) ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
പരാതി നൽകിയതിനെ തുടർന്ന് ജൂൺ 18 ന് മുമ്പ് രാജിവെക്കാൻ വിവേകിനോട് കമ്പനി ആവശ്യപ്പെട്ടിരുന്നതായി വൃത്തങ്ങൾ പറഞ്ഞു. വിവേകിന്റെ രണ്ട് സഹപ്രവർത്തകർക്ക് ജാമ്യം ലഭിച്ചതായും എഫ്‌ഐആറിൽ നിന്ന് അവരുടെ പേരുകൾ റദ്ദാക്കാൻ കോടതിയെ സമീപിച്ചതായും വൃത്തങ്ങൾ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സഹപ്രവർത്തകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.