ഭോപ്പാല്‍: വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം മജീഷ്യന്മാരെ ഇറക്കി ക്യാംപെയിന്‍ നടത്താനൊരുങ്ങി ബിജെപി. ബിജെപി ഭരിച്ച കഴിഞ്ഞ 15 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ മാജിക്കിലൂടെ ജനങ്ങളില്‍ എത്തിക്കാനാണ് പദ്ധതി. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തെ അപേക്ഷിച്ച് ബിജെപിയുടെ ഭരണനേട്ടം കാണിക്കാനാണ് മജീഷ്യന്മാരുടെ സഹായം തേടുന്നതെന്ന് സംസ്ഥാന ബിജെപി വക്താവ് രാജ്നിഷ് അഗര്‍വാള്‍ പറഞ്ഞു.

‘ക്യാംപെയിനിനും ജനങ്ങളെ വിവരങ്ങള്‍ അറിയിക്കാനുമായാണ് ഞങ്ങള്‍ മജീഷ്യന്മാരുടെ സഹായം തേടുന്നത്. വോട്ടര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി ചന്തകളിലും മറ്റും മാജിക് ഷോകള്‍ സംഘടിപ്പിക്കും. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലാണ് മാജിക് ഷോകള്‍ നടത്തുക,’ അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

എത്ര മജീഷ്യന്മാരെയാണ് ഇതിനായി ചുമതലപ്പെടുത്തുകയെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ഇതിന് ആവസ്യമായ ബഡ്ജറ്റ് എത്രയാണെന്ന് കണക്കാക്കിയതിന് ശേഷമാകും മറ്റ് നടപടികളിലേക്ക് നീങ്ങുകയെന്ന് അഗര്‍വാള്‍ വ്യക്തമാക്കി. ‘ജനങ്ങള്‍ക്ക് വേണ്ടി ബിജെപി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നാണ് ഈ കലയിലൂടെ ഞങ്ങള്‍ അറിയിക്കുക. പ്രത്യേകിച്ച് സമൂഹത്തിലെ അബലരായ വിഭാഗത്തിനായി കഴിഞ്ഞ 15 വര്‍ഷമായി സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് ധരിപ്പിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1993 മുതല്‍ 2003 വരെ കോണ്‍ഗ്രസിന്റെ ദിഗ്‍വിജയ് സിംഗ് ഭരിച്ചപ്പോള്‍ മധ്യപ്രദേശിന്റെ അവസ്ഥ എന്തായിരുന്നെന്നും മാജിക്കില്‍ ബിജെപി ഹൈലൈറ്റ് ചെയ്യും. റോഡിന്റെ ശോച്യാവസ്ഥ, വൈദ്യുതിയുടെ ദൗര്‍ലഭ്യം എന്നിവയൊക്കെയായിരിക്കും ഇതില്‍ ബിജെപി ഉള്‍പ്പെടുത്തുക. നവംബര്‍ 28നാ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook