ഇസ്ലാമാബാദ്: സർക്കാർ കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന സാഹചര്യത്തിൽ പാക്കിസ്ഥാനിൽ അധിക ചിലവുകളെല്ലാം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ. കഴിഞ്ഞ ദിവസം 61 ആഡംബര കാറുകൾ ലേലത്തിൽ വിറ്റ് 200 ദശലക്ഷം രൂപയാണ് അദ്ദേഹം സർക്കാർ ഖജനാവിലേക്ക് സ്വരൂക്കൂട്ടിയത്.

പാചകാവശ്യത്തിനായി നവാസ് ഷെരീഫ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വളർത്തിയ എട്ട് എരുമകളെയാണ് ഇമ്രാൻ ഖാൻ ഏറ്റവും ഒടുവിലായി വിറ്റിരിക്കുന്നത്. മൂന്ന് എരുമകളും അഞ്ച് എരുമക്കുട്ടികളും അടങ്ങിയ ലേലത്തിലൂടെ സമാഹരിച്ചത് 23,02,000 രൂപയാണ്. രണ്ട് മണിക്കൂറിലാണ് ലേലം പൂർത്തിയായത്. ലേലത്തിൽ പങ്കെടുക്കുന്നവർ പണം കറൻസിയായി തന്നെ നൽകണമെന്ന് നിബന്ധന വച്ചിരുന്നു.

എന്നാൽ ഇസ്ലാമാബാദിൽ നിന്നുളള ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് എരുമകളെ വാങ്ങിയവരെല്ലാം മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അടുപ്പക്കാരാണ് എന്നാണ്.

ഖൽബ് അലി എന്ന ഷരീഫ് അനുയായി 3.85 ലക്ഷം രൂപയാണ് ഒരു എരുമയ്ക്കായി ചിലവഴിച്ചത്. 1.2 ലക്ഷമായിരുന്നു ഈ എരുമയുടെ വില. എന്നാൽ അതിന്റെ വൈകാരികമായ മൂല്യം കൊണ്ടാണ് താൻ അധിക തുക നൽകിയതെന്ന് ഖൽബ് അലി പറഞ്ഞു.

“നവാസ് ഷെരീഫിനോടുളള എന്റെ സ്നേഹം കൊണ്ടാണ് ഞാൻ ഈ എരുമയെ വാങ്ങിയത്. നവാസ് ഷെരീഫിന്റെയും മറിയം ഷെരീഫിന്റെയും അടയാളമായി ഞാനീ എരുമയെ സംരക്ഷിക്കും,” അലി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് എരുമക്കുട്ടികളെ വാങ്ങിയത് പാക്കിസ്ഥാൻ മുസ്ലിം ലീഗ് – നവാസ് പ്രവർത്തകൻ ഫഖർ വറൈച്ചാണ്. 2.15 ലക്ഷം, 2.7 ലക്ഷം എന്നിങ്ങനെയായിരുന്നു വില. മറ്റൊരാൾ 1.82 ലക്ഷം രൂപ മുടക്കിയാണ് അടുത്ത എരുമക്കുട്ടിയെ സ്വന്തമാക്കിയത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ പ്രധാനമന്ത്രിയായ നവാസ് ഷെരീഫിന് 10 വർഷത്തേക്കാണ് ജയിൽ ശിക്ഷ വിധിച്ചത്.  എന്നാൽ മേൽക്കോടതിയിൽ അപ്പീൽ സമർപ്പിച്ച സാഹചര്യത്തിൽ അദ്ദേഹത്തെയും മകളെയും മരുമകനെയും ഉയർന്ന കോടതി ജാമ്യത്തിൽ വിട്ടു.

ഈ എട്ട് എരുമകളും നവാസ് ഷെരീഫ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് വളർത്തിയിരുന്നതാണെന്ന്  പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സ്പെഷൽ അസിസ്റ്റന്റ്  നയീം-ഉൽ-ഹഖ് പറഞ്ഞു.

മന്ത്രിസഭയുടെ ആവശ്യത്തിനായി അധികമുണ്ടായിരുന്ന കാറുകൾ വിറ്റഴിച്ച ശേഷം, ഉപയോഗിക്കാതെ വച്ചിരുന്ന നാല് ഹെലികോപ്റ്ററുകളും വിറ്റഴിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നവാസ് ഷെരീഫിന്റെ കാലത്ത്, എരുമകളെ പരിപാലിക്കുന്നതിന് ആറ് കെയർടേക്കർമാരെയും ഒരു ഇൻസ്പെക്ഷൻ ഓഫീസറെയും നിയമിച്ചിരുന്നു. മൃഗങ്ങളെ വിറ്റഴിച്ചതോടെ ഇവർക്ക് ജോലി നഷ്ടമായി.

കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് പാക്കിസ്ഥാൻ രൂപ കഴിഞ്ഞ ഏഴ് മാസത്തിനിടെ 20 ശതമാനം ഇടിഞ്ഞിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ചത് കറണ്ട് അക്കൗണ്ടിൽ 18 ബില്യൺ ഡോളറിന്റെ കുറവോടെയാണ്. മൊത്തം ബജറ്റിൽ 2 ട്രില്യൺ രൂപയുടെ കുറവാണ് ഉളളത്.  ഈ സാമ്പത്തിക ബാധ്യത മറികടക്കാൻ വീണ്ടും ഐഎംഎഫിനെ സമീപിക്കാൻ ഒരുങ്ങുകയാണ് പാക്കിസ്ഥാൻ. 1980 ന് ശേഷം ഇത് 13ാം തവണയാണ് പാക്കിസ്ഥാൻ ഐഎംഎഫിനെ സാമ്പത്തിക സഹായത്തിനായി സമീപിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ