/indian-express-malayalam/media/media_files/uploads/2023/10/mahuva.jpg)
ചോദ്യക്കോഴ വിവാദം: മഹുവ മൊയ്ത്രയ്ക്ക് നോട്ടിസയച്ച് ലോക്സഭ എത്തിക്സ് കമ്മിറ്റി
ന്യൂഡല്‍ഹി: കോഴപ്പണ ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്രയോട് ഒക്ടോബര്‍ 31 ന് ഹാജരാകാന്‍ ലോക്സഭ എത്തിക്സ് കമ്മിറ്റിയുടെ നിര്‍ദേശം. സമിതിയുടെ ഇന്ന് നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായിയില്‍നിന്ന് പണം വാങ്ങിയെന്നാണ് മഹുവക്കെതിരായ ആരോപണം.
തൃണമൂല്‍ എംപിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആഭ്യന്തര, ഐടി മന്ത്രാലയങ്ങളില്‍ നിന്ന് സഹായം തേടുമെന്ന് സമിതിയുടെ തലവനും ബിജെപി എംപിയുമായ വിനോദ് കുമാര്‍ സോങ്കര്‍ പറഞ്ഞു. ഒക്ടോബര്‍ 31ന് പാനലിന് മുന്നില്‍ ഹാജരാകാന്‍ മഹുവ മൊയ്ത്രയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിനോദ് കുമാര്‍ സോങ്കര്‍ പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായി, ബിജെപി നേതാവ് നിഷികാന്ത് ദുബെ എന്നിവരുടെ മൊഴി സമിതി എടുത്തിരുന്നു. ഹിരാനന്ദാനി ഗ്രൂപ്പിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ബിജെപി എം.പി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കും ഐടി മന്ത്രി അശ്വിനി വൈഷ്ണവിനും കത്ത് നല്‍കിയിരുന്നു. മഹുവ മൊയ്ത്രയ്ക്കെതിരെയുള്ള ആരോപണങ്ങളില്‍ നിഷികാന്ത് ദുബെ കൂടുതല്‍ രേഖകള്‍ നല്‍കിയിട്ടുണ്ട്.
ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ മഹുവ മൊയ്ത്ര തനിക്ക് പാര്‍ലമെന്റ് ലോഗിന്‍ ഐഡി കൈമാറിയെന്ന് ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ ഹിരാനന്ദാനി പറഞ്ഞിരുന്നു. ആവശ്യമുള്ളപ്പോള്‍ എംപിയുടെ പേരില്‍' നേരിട്ട് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാനും കഴിയുമായിരുന്നുവെന്നും ദര്‍ശന്‍ ഹിരാനന്ദാനി വെളിപ്പെടുത്തിയിരുന്നു.
ഹിരാനന്ദാനി ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ടീം വ്യാഴാഴ്ച കമ്മിറ്റിക്ക് സമര്‍പ്പിച്ച മൂന്ന് പേജുള്ള സത്യവാങ്മൂലത്തിലാണ് മഹുവയ്ക്കെതിരെ ആരോപണമുള്ളത്. എന്നാല്‍ സത്യവാങ്മൂലം 'തമാശ'യെന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്. ''ഈ കത്തിന്റെ കരട് പിഎംഒ അയച്ചതാണെന്നും മഹുവ ആരോപിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.