ന്യൂഡൽഹി: രാജ്യത്ത് വിവിധ നഗരങ്ങളിൽ കറൻസി വരൾച്ച ഉണ്ടായ സംഭവത്തിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. നീരവ് മോദിക്ക് പണം നൽകാനാണ് മോദി സർക്കാർ നോട്ട് നിരോധനം കൊണ്ടുവന്നതെന്ന് കുറ്റപ്പെടുത്തി അദ്ദേഹം രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് അതേൽപ്പിച്ച ആഘാതമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കും കാരണമെന്നും കുറ്റപ്പെടുത്തി.

“മോദിജി രാജ്യത്തെ ബാങ്കിംഗ് വ്യവസ്ഥ തകർത്തു. 30000 കോടിയുമായാണ് നീരവ് മോദി രാജ്യം വിട്ടത്. നമ്മൾ നോട്ട് നിരോധനത്തിന്റെ കാലത്ത് ബാങ്കിന് മുന്നിൽ ക്യൂ നിന്നപ്പോൾ, നമ്മുടെ പണം നീരവ് മോദിക്ക് കൈമാറി അയാളെ സഹായിക്കുകയാണ് മോദി ചെയ്തത്.” രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

രാഷ്ട്രീയമായി ഇത് കേന്ദ്രസർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ബീഹാർ സംസ്ഥാനങ്ങളുും തെലങ്കാനയും സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്ന് കേന്ദ്രത്തെ അറിയിച്ചത്. ന്യൂഡൽഹിയിലും പ്രതിസന്ധി പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കേന്ദ്രസർക്കാരിന്റെ നില പരുങ്ങലിലായി.

പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മോദിക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്ത് വന്നു. “നിരോധിക്കപ്പെട്ട കറൻസി ഇപ്പോഴും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത സർക്കാർ ഇപ്പോൾ നമ്മളോട് നോട്ട് ക്ഷാമം ഇല്ലെന്ന നുണ വിശ്വസിക്കാൻ ആവശ്യപ്പെടുകയാണ്. നോട്ട് നിരോധന ദുരന്തത്തിന് ശേഷം രാജ്യത്ത് ഒരാൾ പോലും മോദി സർക്കാരിനെ വിശ്വസിക്കുന്നില്ല,” യെച്ചൂരി ട്വീറ്റ് ചെയ്തു.

“നോട്ട് നിരോധനം തീവ്രവാദം ഇല്ലാതാക്കിയിട്ടില്ല. കളളനോട്ടുകളെ ഇല്ലാതാക്കിയിട്ടില്ല. എന്നാൽ അത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർത്തു. ഇപ്പോഴും ഇന്ത്യൻ ഇക്കോണമിയെ നോട്ട് നിരോധനം എങ്ങിനെയാണ് ദുർബലപ്പെടുത്തുന്നതെന്നാണ് നോട്ട് ക്ഷാമം ഓർമ്മിപ്പിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

എന്നാലും നോട്ട് ക്ഷാമം എന്ന വാർത്തയെ തളളിയാണ് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി രംഗത്ത് വന്നത്. ഭയപ്പെടാൻ യാതൊന്നും ഇല്ലെന്ന് പറഞ്ഞ മന്ത്രി എല്ലാ നഗരങ്ങളിലും ആവശ്യത്തിന് പണമുണ്ടെന്നും ഇത് പെട്ടെന്ന് പണത്തിന് ആവശ്യം വർദ്ധിച്ചപ്പോൾ ഉണ്ടായ പ്രതിസന്ധിയാണെന്നും പറഞ്ഞു.

“നിലവിലെ സ്ഥിതി വിശകലനം ചെയ്തിട്ടുണ്ട്. രാജ്യത്തെ എല്ലാ ബാങ്കുകളിലും ആവശ്യത്തിന് പണം ഉണ്ട്. പെട്ടെന്ന് പണത്തിന് ആവശ്യം വർദ്ധിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പേടിക്കാനൊന്നുമില്ല,” മന്ത്രി പറഞ്ഞു.

13 ദിവസത്തിനിടെ 45000 കോടി കറൻസിയാണ് രാജ്യത്തെ വിവിധ ബാങ്കുകളിൽ ആവശ്യമായി വന്നത്. അതേസമയം പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചതായി അരുൺ ജയ്റ്റ്ലി പറഞ്ഞു. വരും ദിവസങ്ങളിലും പണത്തിന് ആവശ്യം വർദ്ധിക്കാനുളള സാഹചര്യം കണക്കിലെടുത്ത് കൂടുതൽ കറൻസികൾ രാജ്യത്ത് എല്ലായിടത്തും ലഭ്യമാക്കുമെന്നും ധനമന്ത്രിയുടെ പത്രക്കുറിപ്പിൽ പറഞ്ഞു.

അതേസമയം ക്ഷാമം കേരളത്തിലും അനുഭവപ്പെടുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലെല്ലാം എടിഎമ്മുകൾ പലതും കാലിയായി. എടിഎമ്മുകളിൽ നിന്ന് 2000 രൂപ നോട്ടുകൾ ഇപ്പോൾ ലഭിക്കുന്നില്ലെന്നും പരാതികൾ ഉയരുന്നുണ്ട്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, വിപണിയിലെ 2000 രൂപ നോട്ടുകള്‍ അപ്രത്യക്ഷമാവുന്നതിൽ ഗൂഢാലോചനയുണ്ടെന്നും പറഞ്ഞു. ‘നോട്ട് നിരോധനത്തിന് മുമ്പ് 15,00,000 കോടിയുടെ കറന്‍സികളാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം ഇത് 16,50,000 കോടിയായി ഉയര്‍ത്തി. എന്നിട്ടും 2000 രൂപ നോട്ടുകള്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമാവുന്നു’, ചൗഹാന്‍ പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ തന്നെ പരാതിയുമായി രംഗത്ത് വന്നതോടെ പ്രതിസന്ധിയെ മറച്ചുവയ്ക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ. ആർബിഐയുമായി ചേർന്ന് അടിയന്തിരമായി പ്രശ്നപരിഹാരത്തിനുളള സാധ്യതകൾ തേടുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ