ഒക്ടോബര്‍ 18ന് റിലീസ് ചെയ്ത മെര്‍സലിനെതിരെ വാളോങ്ങല്‍ തുടരുന്നു. മതവികാരം വ്രണപ്പെടുത്തി എന്ന കേസിന് പിന്നാലെ മെര്‍സല്‍ വീണ്ടും കോടതിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു.

‘രാജ്യത്തിനെതിരെ കുപ്രചരണം നടത്തുന്ന തരത്തിലുള്ള സംഭാഷങ്ങളും രംഗങ്ങളും നിറഞ്ഞ മെര്‍സല്‍ പുതിയ നികുതി വ്യവസ്ഥയെക്കുറിച്ച് തെറ്റായ ധാരണകള്‍ പരത്തും’ എന്ന് കാണിച്ചാണ് ചെന്നൈ മൈലാപൂര്‍ നിവാസിയായ അഡ്വക്കേറ്റ് എ.അശ്വത്ഥാമന്‍ പൊതു താൽപര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

‘സിനിമയുടെ കഥാപുരോഗതിക്കു ആവശ്യമില്ലാത്ത ഇത്തരം സംഭാഷണങ്ങള്‍ അതില്‍ കുത്തി നിറച്ചിരിക്കുകയാണ്. സിബിഎഫ്‌സി (സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) ഇതിനെതിരെ നടപടി കൈക്കൊള്ളാന്‍ ബാധ്യസ്ഥരാണ്. ഈ വാസ്തവ വിരുദ്ധത കാണുന്നതില്‍ നിന്നും നമ്മുടെ ചെറുപ്പക്കാരെ സംരക്ഷിക്കേണ്ട ചുമതല സിബിഎഫ്‌സിക്കാണ്.’ എന്നും ഹര്‍ജിയില്‍ പറയുന്നു.

ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും സെന്‍സര്‍ സര്‍ട്ടിഫിക്കേഷനായി കാത്തിരിപ്പാണ്. ഒക്ടോബര്‍ 27ന് റിലീസ് ചെയ്യാനായി നിര്‍മ്മാതാവ് തിയേറ്റര്‍ ബുക്ക്‌ ചെയ്തിട്ടുണ്ടെന്നും അതിനുള്ളില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാനായി കാത്തിരിക്കുകയാണ് എന്നും സിനിമാ വൃത്തങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ