/indian-express-malayalam/media/media_files/uploads/2017/10/prakash-rajj-prakash-raj_1496577083.jpeg)
ബംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച നടന്‍ പ്രകാശ് രാജിനെതിരെ കേസ്. മോദിക്കെതിരായ പരാമര്‍ശത്തില്‍ ഒരു അഭിഭാഷകന്‍ ലക്നൗകോടതിയില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ 7ന് കേസില്‍ വാദം കേള്‍ക്കും.
ഗൗരിയുടെ കൊലപാതകത്തില്‍ മൗനം തുടരുന്ന നരേന്ദ്ര മോദി തന്നെക്കാള്‍ നല്ല നടനാണെന്നായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം. 'ഗൗരിയെ കൊലപ്പെടുത്തിയവര്‍ പിടിക്കപ്പെട്ടേക്കാം ഇല്ലായിരിക്കാം. പക്ഷെ, അവരുടെ കൊലപാതകത്തില്‍ ഒരുകൂട്ടം ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ ഗൗരിയുടെ കൊലപാതകത്തെ ആഘോഷമാക്കുന്നുണ്ട്. അക്കൂട്ടര്‍ ആരാണെന്നും അവരുടെ പ്രത്യയശാസ്ത്രം എന്താണെന്നും നമുക്കറിയാം. ഈ ആഘോഷിക്കുന്നവരില്‍ പലരേയും നരേന്ദ്ര മോദി ഫോളോ ചെയ്യുന്നുണ്ട്. അതാണ് എന്റെ ആശങ്ക. എങ്ങോട്ടാണ് നമ്മുടെ രാജ്യം പോകുന്നത്?' പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെക്കാള്‍ വലിയ നടനാളെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു.
ഈ വിഷയത്തില്‍ പ്രധാനമന്ത്രി ഇനിയും പ്രതികരിച്ചിട്ടില്ലെന്നതും തന്നെ ഭയപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഗൗരി ലങ്കേഷ് കൊലപാതകവുമായി ബന്ധപ്പെട്ടു നടക്കുന്ന ഏതു തരം പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമാകാനും താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഇത്തരം പ്രശ്‌നങ്ങളെ ഏറ്റെടുത്ത് രാജ്യത്ത് ഒരു സ്വാധീനം സൃഷ്ടിക്കാന്‍ കഴിയുന്ന നേതാക്കളാരും നമുക്കില്ല. വരും നാളുകളില്‍ ഇത്തരം പോരാട്ടങ്ങളില്‍ മുന്നില്‍ നിന്നു നയിക്കാന്‍ പ്രാപ്തരായ ആളുകളെയാണ് നമുക്കാവശ്യമെന്നും പ്രകാശ് രാജ് പറഞ്ഞു.
കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷും തെന്നിന്ത്യന്‍ സിനിമകളിലെ പ്രമുഖ നടന്‍ പ്രകാശ് രാജും തമ്മിലുള്ളത് മൂന്നു പതിറ്റാണ്ടോളം നീളുന്ന ബന്ധമാണ്. ഗൗരി ലങ്കേഷിന്റെ മരണാനന്തര ചടങ്ങുകള്‍ക്കും അദ്ദേഹം എത്തിയിരുന്നു. കുറച്ചധികം കാലമായി ഗൗരിക്ക് വധഭീഷണിയുള്ളതായി അറിയാമെന്നും പക്ഷെ ഇത്രയും വിദ്വേഷം വളരുന്നുണ്ട് എന്ന് ആരും വിശ്വസിച്ചിരുന്നില്ല എന്നും അന്നദ്ദേഹം പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.