റിയാദ്: റിയാദ് വിമാനത്താവളത്തിൽ വച്ച് സൗദി അറേബ്യൻ ഭരണകൂടത്തെ വിമർശിച്ച ലെബനീസ് പ്രധാനമന്ത്രിയെ കാണാനില്ല. സൗദി അറേബ്യ തങ്ങളുടെ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്ന ആരോപണവുമായി ലെബനീസ് രാഷ്ട്ര നേതാക്കൾ രംഗത്തെത്തി. അതേസമയം സൗദി തുറന്ന യുദ്ധപ്രഖ്യാപനമാണ് നടത്തിയിരിക്കുന്നതെന്ന് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസൻ നസറുള്ള വിമർശിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന പ്രതീതിയായി.

ശനിയാഴ്ചയാണ് ലെബനീസ് പ്രധാനമന്ത്രി സൗദ് ഹരീരി സൗദി അറേബ്യയിലെത്തിയത്. ഇവിടെ നടത്തിയ പ്രസംഗത്തിലാണ് തന്റെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ സൗദി ഭരണകൂടം അനാവശ്യ കൈകടത്തൽ നടത്തുകയാണെന്ന് ലെബനീസ് പ്രധാനമന്ത്രി വിമർശിച്ചത്. ഇതിന് പിന്നാലെ സ്വയം അറസ്റ്റ് വരിക്കുകയാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം ലെബനീസ് പ്രസിഡന്റിനെ ഫോണിൽ വിളിച്ച് രാജിപ്രഖ്യാപനവും നടത്തി.

എന്നാൽ ഈ രാജി പ്രസിഡന്റ് അംഗീകരിച്ചില്ല. ലെബനീസ് ദേശീയ മാധ്യമത്തിലൂടെ നൽകിയ പ്രസംഗത്തിലാണ് ഹിസ്ബുള്ള നേതാവ് തന്റെ അമർഷം പ്രകടിപ്പിച്ചത്. പ്രാനമന്ത്രിയെ സുരക്ഷിതമായി സ്വന്തം രാജ്യത്ത് എത്തിക്കാൻ സൗദി അറേബ്യ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷമാണ് ലെബനൻ രാഷ്ട്രീയ സുസ്ഥിരതയിലേക്ക് തിരികെയെത്തിയത്. തിരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ സർക്കാരാണ് ഇപ്പോൾ ഇവിടം ഭരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook