മുംബൈ: നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരായ കേസിൽ നിർണായകമായത് ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദാഡ്‌ലാനിയുടെ മൊഴി. കഴിഞ്ഞ ജൂൺ 16 ന് സമർപ്പിച്ച നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ വിജിലൻസ് റിപ്പോർട്ടിലാണ് ഈ മൊഴിയുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐആർഎസ് ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്‌ക്കെതിരെയും മറ്റു നാലു പേർക്കെതിരെയും സിബിഐ കേസ് ഫയൽ ചെയ്തത്.
2021 ഒക്ടോബർ രണ്ടിന് മുംബൈ തീരത്തെ ആഡംബര കപ്പലിൽ റെയ്ഡ് നടന്ന് മണിക്കൂറുകൾക്ക് ശേഷം, 50 ലക്ഷം രൂപ അടങ്ങുന്ന ബാഗ് ടോക്കൺ തുകയായി കൈമാറിയതായാണ് ദാഡ്‌ലാനിയുടെ മൊഴി. വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഓഫിസർമാരുടെ സംഘമാണ് കപ്പലിൽ റെയ്ഡ് നടത്തിയത്. കപ്പലിൽനിന്നും ലഹരി മരുന്നു പണവും പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത 17 പേരിൽ ഷാരൂഖിന്റെ മകൻ ആര്യൻ ഖാനും ഉണ്ടായിരുന്നു.
ആദ്യം 25 കോടി രൂപ ആവശ്യപ്പെട്ടുവെങ്കിലും പിന്നീട് ഇടപാട് 18 കോടിയിൽ ഒതുക്കി. 50 ലക്ഷം രൂപ ടോക്കൺ തുകയായി കൈമാറിയെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
നേരത്തെ, ദാഡ്‌ലാനിയുടെ മൊഴി രേഖപ്പെടുത്താൻ മുംബൈ പൊലീസ് അയച്ച മൂന്ന് സമൻസുകളെങ്കിലും അവർ അവഗണിച്ചിരുന്നു. അതിനെ തുടർന്ന് വാങ്കഡെയ്‌ക്കെതിരായ പൊലീസ് അന്വേഷണം അവസാനിപ്പിക്കേണ്ടി വന്നു. ”കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ വിജിലൻസ് സംഘം ഇടപാടുമായി ബന്ധപ്പെട്ട് അവരുടെ മൊഴി രേഖപ്പെടുത്തി. കെ.പി.ഗോസാവി, സാൻവിൽ ഡിസൂസ, പ്രഭാകർ സെയിൽ (സാക്ഷികൾ) എന്നിവരുടെ മൊഴിയും ഞങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്,” അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ദാഡ്‌ലാനി എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്താൻ ഉറവിടം വിസമ്മതിച്ചു. എല്ലാ മൊഴികളുടെയും അടിസ്ഥാനത്തിൽ ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് നടന്നതെന്ന നിഗമനത്തിൽ എത്തുകയും വിഷയം അന്വേഷിക്കാൻ സിബിഐയോട് ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് വാങ്കഡെയ്ക്കും മറ്റു നാലുപേർക്കെതിരെയും സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം അവളുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും അവർ അന്വേഷണ സംഘവുമായി സഹകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ദി ഇന്ത്യൻ എക്സ്പ്രസിന്റെ കോളുകളോടും സന്ദേശങ്ങളോടും ദാഡ്‌ലാനി പ്രതികരിച്ചിട്ടില്ല.
എല്ലാവരുടെയും വിശദമായ മൊഴികൾക്ക് പുറമേ, മൊഴികളിൽ പരാമർശിച്ചിരിക്കുന്ന വിവിധ സ്ഥലങ്ങളുടെ മുംബൈ പൊലീസ് നൽകിയ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. അതിലൂടെ സംഭവത്തിന്റെ യാഥാർത്ഥ്യം പരിശോധിക്കാൻ കഴിയുമെന്ന് വൃത്തങ്ങൾ പറഞ്ഞു. റെയ്ഡ് നടന്ന രാത്രി ആര്യൻ ഖാനെ കേസിൽനിന്നും ഒഴിവാക്കാൻ ഷാരൂഖ് ഖാനോട് 25 കോടി ആവശ്യപ്പെടാനും, പിന്നീട് ഇത് 18 കോടിയായി ഒതുക്കി തീർക്കാനും ഗോസാവി ഫോണിലൂടെ ഡിസൂസയോട് പറയുന്നത് കേട്ടതായി 2022 ഏപ്രിലിൽ മരിച്ച സെയിൽ മൊഴി നൽകിയിട്ടുണ്ടെന്ന് വൃത്തങ്ങളിൽനിന്നും വിവരം ലഭിച്ചു.
18 കോടിയിൽ 8 കോടി വാങ്കഡെയ്ക്കാണെന്നും ഡിസൂസയോട് ഗോസാവി പറയുന്നത് കേട്ടതായി സെയിൽ അവകാശപ്പെട്ടിട്ടുണ്ട്. സെയിലും ഗോസാവിയും ഡിസൂസയും ലോവർ പരേലിൽ വച്ച് രാത്രി ദദ്‌ലാനിയെയും അവളുടെ ഭർത്താവിനെ കണ്ടു. അവിടെവച്ച് പണമുള്ള ഒരു ബാഗ് അവർക്ക് കൈമാറിയതായി റിപ്പോർട്ടുണ്ട്.
2008 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ വാങ്കഡെ, എൻസിബി മുംബൈ സോണിന്റെ തലവനായിരുന്നു. 2021 ഒക്ടോബർ 2 ന് രാത്രി മുംബൈ തീരത്തെ ആഡംബര കപ്പലിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തി. മയക്കുമരുന്നും പണവും പിടിച്ചെടുത്തതായി എൻസിബി അവകാശപ്പെടുകയും ആര്യൻ ഉൾപ്പെടെ 17 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
26 ദിവസത്തിന് ശേഷം ബോംബെ ഹൈക്കോടതി ആര്യനെ ജാമ്യത്തിൽ വിട്ടു. 2021 നവംബറിൽ, ആര്യൻ ഖാൻ കേസ് ഉൾപ്പെട്ട ആറ് കേസുകൾ വാങ്കഡെയിൽ നിന്ന് എൻസിബി ഉന്നത ഉദ്യോഗസ്ഥർ മാറ്റി. കേസ് അന്വേഷിച്ച മറ്റൊരു എൻസിബി സംഘം മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കുറ്റപത്രത്തിൽ നിന്ന് ആര്യൻ ഖാന്രെ പേര് ഒഴിവാക്കി.