കാൺപൂർ: സർക്കാർ നടത്തിയ ചടങ്ങിൽ ശീതകാല വസ്ത്രം ധരിക്കാതെ തണുത്ത കാലാവസ്ഥയിൽ സ്‌കൂൾ കുട്ടികളെ വ്യായാമം ചെയ്യിപ്പിച്ചുവെന്ന് റിപ്പോർട്ട് ചെയ്തതിന് ഒരു ന്യൂസ് ചാനലിൽ ജോലി ചെയ്യുന്ന മൂന്ന് പ്രാദേശിക മാധ്യമപ്രവർത്തകർക്കെതിരെ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തു. ക്രിമിനൽ കുറ്റമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സർക്കാർ സ്‌കൂളുകളിലെ പ്രാഥമിക വിദ്യാഭ്യാസം പരിപാലിക്കുന്ന ഉദ്യോഗസ്ഥനായ ബേസിക് ശിക്ഷ അധികാരി (ബിഎസ്എ) സമർപ്പിച്ച പരാതിയിൽ മാധ്യമപ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു. “ബേസിക് ശിക്ഷാ അധികാരി സുനി ദത്ത് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് മാധ്യമപ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മോഹിത്, അമിത്, യാസിൻ എന്നിവർക്കെതിരെയാണ് പരാതി.”

Read More: അമിത് ഷാ രാജിവയ്‌ക്കണമെന്ന് കോൺഗ്രസ്; സമരത്തിൽ നിന്ന് പിന്മാറി രണ്ട് കർഷക സംഘടനകൾ

സർക്കാർ ഉദ്യോഗസ്ഥർ ചടങ്ങുകളുടെ തിരക്കിലായിരിക്കുമ്പോൾ നിരവധി സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾ ശീതകാല വസ്ത്രം ധരിക്കാതെ തണുത്ത കാലാവസ്ഥയിൽ കഷ്ടപ്പെടുകയായിരുന്നു എന്ന് ആരോപിച്ചാണ് മാധ്യമപ്രവർത്തകർ വാർത്ത സംപ്രേഷണം ചെയ്തത്. മൂന്ന് മാധ്യമപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തില്ലെന്നും ബി.എസ്.എ ആരോപിച്ചു.

കുട്ടികളുടെ ശീതകാല വസ്ത്രം അഴിച്ചുമാറ്റിയത് വ്യായാമത്തിനായി മാത്രമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. യുപി സ്ഥാപക ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച നടന്ന ചടങ്ങിൽ സംസ്ഥാന സാങ്കേതിക മന്ത്രി അജിത് പാൽ സിംഗ്, നിരവധി എം‌എൽ‌എമാർ, ഡി‌എം കാൺ‌പൂർ ദേഹത്ത് ദിനേശ് ചന്ദ്ര തുടങ്ങിയ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇതിന്റെ വീഡിയോയാണ് സംപ്രേഷണം ചെയ്തത്.

മാധ്യമപ്രവർത്തകർ സംപ്രേഷണം ചെയ്ത വീഡിയോ ചൊവ്വാഴ്ച സോഷ്യൽ മീഡിയയിലും വൈറലായി. അതിൽ വിദ്യാർത്ഥികൾ തണുപ്പിൽ കോട്ടൺ ഷർട്ടും നിക്കറും മാത്രമാണ് ധരിച്ചതെന്ന് കാണാം. പരിപാടിക്ക് ശേഷം കുട്ടികൾ കമ്പിളി ധരിച്ചതായും വാർത്ത ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ചതാണെന്നും, ഇതുവഴി യോഗാധ്യാപകനെയും അപമാനിച്ചുവെന്ന് ബിഎസ്എ പറഞ്ഞു.

“പരിപാടിയിൽ പങ്കെടുക്കാത്ത ചില മാധ്യമപ്രവർത്തകർ ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചത് വേദനാജനകമാണ്. സ്വെറ്റർ, കോട്ട്, പാന്റ്സ് എന്നിവ ധരിച്ച് യോഗ നടത്താൻ കഴിയില്ലെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു, ഞങ്ങൾ എല്ലാവരും അവരെ അഭിനന്ദിച്ചു,” ജില്ലാ മജിസ്‌ട്രേറ്റ് കാൺപൂർ ദേഹത്ത് ചന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഠിനമായ ശൈത്യകാലാവസ്ഥയിൽ കുട്ടികളെ അപര്യാപ്തമായ വസ്ത്രങ്ങളിൽ യോഗ ചെയ്യിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും അധികൃതർ കൂടുതൽ ശ്രദ്ധാലുക്കളാകണമെന്നും മാധ്യമപ്രവർത്തകരിലൊരാളായ അമിത് സിംഗ് പറഞ്ഞു.

മൂന്ന് പ്രാദേശിക മാധ്യമപ്രവർത്തകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് (കാൺപൂർ ദേഹത്ത്) കേശവ് കുമാർ ചൗധരി പറഞ്ഞു.

ന്യായമായ രീതിയിൽ പരാതി അന്വേഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook