ലക്നൗ: ഉത്തര്‍പ്രദേശിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലം പുറത്തുവിട്ട ദൈനിക് ജാഗരണ്‍ പത്രത്തിനെതിരെ കേസെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് നടപടി. ദൈനിക് ജാഗരണിന്റെ എഡിറ്റര്‍ക്കും എം.ഡിക്കും എതിരെയാണ് കേസെടുക്കുക.

15ജില്ലകളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. ജനപ്രാതിനിധ്യ നിയമം ലംഘിച്ചതിനാണ് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണെതിരെ നടപടി.

ശനിയാഴ്ച്ച പശ്ചിമ ഉത്തര്‍പ്രദേശിലെ 73 മണ്ഡലങ്ങളിലായി നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലമാണ് ദൈനിക് ജാഗരണ്‍ പുറത്തുവിട്ടത്. വോട്ട് ചെയ്ത 5700 പേരുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ദൈനിക് ജാഗരണിന്റെ സര്‍വ്വെ ഫലം. 38 മണ്ഡലങ്ങളിലായി പത്രം നടത്തിയ സര്‍വ്വെ ഫലം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും മറ്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ