ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണ കേസ് അന്വേഷിക്കുന്ന ആഭ്യന്തര അന്വേഷണ സംഘത്തില്‍ നിന്ന് ജസ്റ്റിസ് എന്‍.വി.രമണ പിന്മാറി. മൂന്നംഗ അന്വേഷണ സംഘത്തില്‍ നിന്ന് ജസ്റ്റിസ് രമണ സ്വയം പിന്മാറിയതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read More: ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന; അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണ പരാതി ഉന്നയിച്ച മുന്‍ ജീവനക്കാരി അന്വേഷണ സംഘത്തില്‍ ജസ്റ്റിസ് എന്‍.വി.രമണ ഉള്ളതില്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ജസ്റ്റിസ് രമണ അന്വേഷണ സംഘത്തില്‍ നിന്ന് പിന്മാറിയത്. ചീഫ് ജസ്റ്റിസുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ജസ്റ്റിസ് രമണയെന്നും അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനാണെന്നും അതിനാല്‍ അന്വേഷണ സംഘത്തില്‍ ജസ്റ്റിസ് രമണയുള്ളതില്‍ അതൃപ്തിയുണ്ടെന്നും പരാതിക്കാരി നേരത്തെ അറിയിച്ചിരുന്നു.

Read More: ജുഡീഷ്യറി വലിയ ഭീഷണി നേരിടുന്നു: ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം അന്വേഷിക്കുന്നത്. ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും അന്വേഷണ സംഘത്തിലുണ്ട്. അന്വേഷണ സംഘത്തിന് മുന്‍പില്‍ പരാതിക്കാരി നാളെ ഹാജരാകണം. അന്വേഷണ സംഘത്തില്‍ ഒരു വനിതാ ജഡ്ജി മാത്രം ഉള്ളതിലുള്ള അതൃപ്തിയും പരാതിക്കാരി നേരത്തെ പരസ്യമാക്കിയിട്ടുണ്ട്. തനിക്ക് സത്യസന്ധമായി നീതി നടപ്പിലാക്കി കിട്ടില്ലെന്ന സന്ദേഹവും പരാതിക്കാരി കത്തില്‍ ഉന്നയിച്ചിരുന്നു.

അതേസമയം, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ഗൂഢാലോചന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസിനെതിരെ വ്യാജ കേസ് ചുമത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ചുള്ള അഭിഭാഷകന്‍ ഉത്സവ് ബെയിന്‍സിന്റെ സത്യവാങ്മൂലം പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. വിരമിച്ച ജസ്റ്റിസ് എ.കെ.പട്‌നായിക് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook