ഗുവാഹത്തി: അസ്സമിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായുള്ള പൊളിറ്റിക്കല്‍ സയന്‍സ് റെഫറന്‍സ് പുസ്തകത്തില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചെഴുതിയ മൂന്ന് എഴുത്തുകാര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. 2002ലെ ഗുജറാത്ത് കലാപ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രി മൗനം പാലിച്ചു എന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് കേസ്.
‘ഗോധ്ര സംഭവവും ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപവും’ എന്ന തലക്കെട്ടിനു കീഴെയായിരുന്നു ഈ പരാമര്‍ശം. കലാപ സമയത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ഗവണ്മെന്റ് മൗനമായിരുന്ന് എല്ലാം വീക്ഷിക്കുകയായിരുന്നു എന്നാണ് പുസ്തകത്തില്‍ പറയുന്നത്.
കോളേജില്‍ നിന്നും വിരമിച്ച അധ്യാപകരാണ് പുസ്തകം എഴുതിയിരിക്കുന്നത്. ‘പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് റെഫറന്‍സ് പുസ്തകമാണിത്. ഗുവാഹത്തി ആസ്ഥാനമായുള്ള സ്ഥാപനമാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 16ന് ഗൊലാഘട്ടിലുള്ള രണ്ടുപേര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്,’ ഗൊലാഘട്ട് ജില്ലാ പൊലീസ് ഓഫീസര്‍ പറഞ്ഞു.
പുസ്തകത്തിന്റെ പ്രസാധകരായ അസ്സം ബുക്ക് ഡിപ്പോ ഗുവാഹത്തി ആസ്ഥാനമായതിനാല്‍ കേസ് ഗുവാഹത്തിയിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു.
2002ല്‍ നടന്ന കലാപത്തിന് പരോക്ഷമായി നേതൃത്വം നല്‍കിയിരുന്നത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയായിരുന്നുവെന്ന് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷന് നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്കി.