ബെംഗളൂരു: മഴയ്ക്കു പിന്നാലെ ബെംഗളൂരു ജനജീവിതത്തെ ദുരിതത്തിലാക്കി വിഷപ്പതയും. ബെലന്തൂർ തടാകത്തിൽനിന്നും പുറത്തുവന്ന വിഷപ്പതയാണ് നഗരത്തെ വലച്ചത്. റോഡിൽ ഏതാണ്ട് പത്തടിയോളം ഉയരത്തിൽ വിഷപ്പതയെത്തി. ഇത് ഗതാഗത തടസ്സമുണ്ടാക്കി. ഇരുചക്ര വാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ടിലായത്. വിഷപ്പത വീടുകളിലേക്കും പറന്ന് എത്തുന്നുണ്ട്.

തടാകത്തിന്റെ ഇരുകരകളിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ബെലന്തൂരിലാണ്. വിഷപദാര്‍ത്ഥങ്ങള്‍ വെളളത്തിൽ കലര്‍ന്നതിനെ തുടര്‍ന്ന് തടാകം വിഷപ്പത പുറംതള്ളുകയാണ്. വിഷപ്പത തടയാൻ തടാകത്തിനു ചുറ്റും കമ്പിവല കെട്ടിയിട്ടും പ്രയോജനമുണ്ടായിട്ടില്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വിഷപ്പത കാരണമാകുന്നുവെന്ന ആരോപണവുമുണ്ട്.

തടാകത്തില്‍ മാലിന്യം നിക്ഷേപിക്കുന്ന വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ എപ്രിലില്‍ ഉത്തരവിട്ടിരുന്നു. ഒരുമാസത്തിനുള്ളില്‍ മാലിന്യം പൂര്‍ണമായി നീക്കം ചെയ്ത് പ്രശ്‌നം പരിഹരിക്കാണമെന്ന് സംസ്ഥാന അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിഷപ്പതയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള നടപടി ജില്ലാ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ 2020 ഓടെ മാത്രമേ നടപടികള്‍ പൂര്‍ത്തിയാകൂവെന്നുമാണ് അധികാരികള്‍ നല്‍കുന്ന വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ