ന്യൂഡല്‍ഹി: അവധിക്കാലത്ത് അധികൃതരുടെ അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോണ്‍ കൈവശം വച്ചതിന് സൗദി ആരാംകോയുടെ സീനിയര്‍ എക്സിക്യൂട്ടിവ് ഫെര്‍ഗസ് മക്‌ലിയോഡിനെ ഒരാഴ്ച കസ്റ്റഡിയില്‍ വച്ച് ഉത്തരാഖണ്ഡ് പൊലീസ്. ജൂലൈയിലായിരുന്നു അറസ്റ്റ് നടന്നത്. 1,000 രൂപ പിഴയടച്ചതോടെ ഫെര്‍ഗസിനെ വിട്ടയക്കുകയും ചെയ്തു.
ജൂലൈ 12-ന് വാലി ഓഫ് ഫ്‌ളവേഴ്‌സ് നാഷണൽ പാർക്കിലെ ഹോട്ടലിൽ വച്ചാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഫെര്‍ഗസ് യുകെ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു. സൗദി ആരാംകോയിലെ ഇന്‍വെസ്റ്റര്‍ റിലേഷന്‍സിന്റെ തലവനാണ് ഫെര്‍ഗസ്. ചമോലിയിലെ ജയിലിലാണ് അറുപത്തിരണ്ടുകാരനായ ഫെര്‍ഗസ് ഏഴു ദിവസം ചെലവഴിച്ചത്.
ഫോണിന്റെ കോര്‍ഡിനേറ്റുകള്‍ എടുത്തശേഷമാണ് ഫെര്‍ഗസിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നു ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടിൽ പറയുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം അവധിയാഘോഷിക്കാനെത്തിയതായിരുന്നു ഫെര്‍ഗസ്. സാറ്റലൈറ്റ് ഫോണ്‍ ഓണാക്കിയെങ്കിലും ഉപയോഗിച്ചില്ലെന്നാണ് ഫെര്‍ഗസ് പറയുന്നത്.
ചമോലി ജില്ലയുടെ ഒരു ഭാഗം ചൈനയുമായുള്ള നിയന്ത്രണ രേഖയോട് ചേർന്നാണു സ്ഥിതി ചെയ്യുന്നത്.
ചട്ടങ്ങൾക്കു വിരുദ്ധമായ സാറ്റലൈറ്റ് ഫോൺ കൈവശം വച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് സൗദി ആരാംകൊ എക്‌സിക്യൂട്ടീവിനെ പൊലീസ് പിടികൂടിയതെന്ന് ചമോലി എസ് പി ശ്വേത ചൗബേ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
“ഇന്ത്യയിൽ മുൻകൂർ അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ കൈവശം വയ്ക്കുന്നതു നിയമപരമല്ലെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു ധാരണയുമില്ലായിരുന്നു. അതുകൊണ്ടാണ് കസ്റ്റഡിയിലെടുത്തത്. നടപടികളില്‍ തെറ്റൊന്നുമില്ല,” അവർ കൂട്ടിച്ചേര്‍ത്തു.
അതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് ഒരു വിദേശ പൗരൻ സാറ്റലൈറ്റ് ഫോൺ കൈവശം വച്ചതിനെക്കുറിച്ച് ജൂലൈ 11 ന് വിവരം ലഭിച്ചതായി ചമോലിയിലെ ഗോവിന്ദ് ഘട്ട് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ നരേന്ദ്ര സിങ് റാവത്ത് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ശേഷമായിരുന്നു നടപടി.