മുംബൈയിൽ നിന്ന് അബുദാബിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ കാർഗോ ഏരിയയിൽ മുംബൈ വിമാനത്താവളത്തിലെ ജീവനക്കാരൻ ഉറങ്ങിക്കോയി. കാർഗോ ലോഡറാണ് വിമാനത്തിൽ കാർഗോ സൂക്ഷിക്കുന്ന ഇടത്ത് ഉറങ്ങിപ്പോയത്. വിമാനത്തിന്റെ മടക്കയാത്രയിൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.
സംഭവം ശ്രദ്ധയിൽ പെട്ടതായി വ്യോമയാന സുരക്ഷാ റെഗുലേറ്ററായ ഡിജിസിഎ അറിയിച്ചു. സംഭവത്തിൽ ഡിജിസിഐ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
“ഞായറാഴ്ച ഇൻഡിഗോ എ 320 വിമാനം 6ഇ-1835 (മുംബൈ -അബുദാബി) ആയി സർവീസ് നടത്താൻ തീരുമാനിച്ചിരുന്നു. വിമാനത്തിൽ ലഗേജ് കയറ്റിയ ശേഷം, വിമാനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ലോഡറുകളിലൊരാൾ ബാഗേജ് കമ്പാർട്ട്മെന്റ് ഒന്നിൽ വിശ്രമിക്കുകയും ബാഗേജിന് പിന്നിൽ ഉറങ്ങുകയും ചെയ്തു. ഹോൾഡ് സ്റ്റാഫ് ജീവനക്കാരുടെ എണ്ണം രേഖപ്പെടുത്തിയ ശേഷം കാർഗോ വാതിൽ അടച്ചു. മുംബൈ വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നപ്പോൾ ലോഡർ ഉണർന്നു. അയാളെ അബുദാബിയിലെത്തിയപ്പോൾ കണ്ടെത്തുകയും അബുദാബി അധികൃതർ വൈദ്യപരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ ഇയാളുടെ ശാരീരിക നില സുസ്ഥിരമാണെന്നും സാധാരണ നിലയിലാണെന്നും കണ്ടെത്തി. അബുദാബിയിലെ പ്രാദേശിക അധികാരികളിൽ നിന്ന് ആവശ്യമായ അനുമതി ലഭിച്ച ശേഷം, മടക്ക വിമാനത്തിൽ മുംബൈയിലേക്ക് യാത്രക്കാരനായി അദ്ദേഹത്തെ തിരിച്ചയച്ചു.” ദി ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിച്ച ഡിജിസിഎ ഡയറക്ടർ ജനറൽ അരുൺ കുമാർ പറഞ്ഞു.
Also Read: ബൂസ്റ്റർ ഡോസിന്റെ അനുയോജ്യതയോ ആവശ്യകതയോ ഇനിയും തീരുമാനിച്ചിട്ടില്ല; ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രം
സംഭവവുമായി ബന്ധപ്പെട്ട ജീവനക്കാരെ അന്വേഷണവിധേയമായ താൽക്കാലികമായി നീക്കം ചെയ്തിട്ടുണ്ടെന്നും കുമാർ കൂട്ടിച്ചേർത്തു.
“ഞങ്ങൾക്ക് സംഭവത്തെക്കുറിച്ച് അറിയാം, ആവശ്യമായ അധികാരികളെ അറിയിച്ചിട്ടുണ്ട്. വിഷയം അന്വേഷണത്തിലാണ്,” എന്ന് ഒരു ഇൻഡിഗോ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.