സൂററ്റ്: പാലത്തിന് മുകളില്‍ ഇരുന്ന് സെല്‍ഫി എടുക്കുകയായിരുന്ന 22കാരന് മേല്‍ കാര്‍ പാഞ്ഞുകയറി അപകടം. ഗുജറാത്തിലെ തപി നദിക്ക് മുകളിലുളള പാലത്തിലാണ് അപകടം ഉണ്ടായത്. വെളളിയാഴ്ച്ച പുലര്‍ച്ചയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പപ്പു ലലാനി മരിച്ചു.

രണ്ട് ബൈക്കുകളിലായി പാലത്തിന് മുകളില്‍ എത്തിയ യുവാക്കള്‍ പാലത്തിന്റെ കൈവരിയില്‍ ഇരുന്ന് സെല്‍ഫി എടുക്കുമ്പോഴാണ് അപകടം. മൂന്ന് പേര്‍ കൈവരിയില്‍ ഇരുന്നെങ്കിലും ലലാനി ബൈക്കിന് മുകളില്‍ ഇരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ ലലാനി ഇരുന്ന ബൈക്കിന് പിന്നില്‍ വന്നിടിച്ചാണ് അപകടം ഉണ്ടായത്. തുടര്‍ന്ന് കാര്‍ ഡ്രൈവറായ നിരല്‍ പട്ടേലിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു.

അമിതവേഗതയിലായിരുന്നു കാര്‍ വന്നതെന്ന് പൊലീസ് പറഞ്ഞു. അശ്രദ്ധമായി വണ്ടിയോടിച്ച ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. 12.45ഓടെയാണ് ഇയാള്‍ ഓടിച്ച ടൊയോട്ട എറ്റിയോസ് ബൈക്കിന് പിന്നില്‍ ഇടിച്ചത്. തുടര്‍ന്ന് കാര്‍ മറ്റൊരു സ്കൂട്ടറിലും ഇടിച്ച് അപകടം ഉണ്ടാക്കി. ഗുരുതരമായി പരുക്കേറ്റ ലാലാനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. സംഭവ സ്ഥലത്ത് നിന്നും പട്ടേല്‍ രക്ഷപ്പെട്ടെങ്കിലും പൊലീസ് സിസിടിവി നിരീക്ഷിച്ച് ഇയാളെ അറസ്റ്റ് ചെയ്തു.

സംഭവസമയത്ത് കാറില്‍ നാല് പേര്‍ ഉണ്ടായിരുന്നതായി ലലാനിയുടെ സുഹൃത്തുക്കള്‍ ആരോപിച്ചു. എന്നാല്‍ നാല് പട്ടേലിനെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടി എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ