ബെംഗളൂരു: അപകടങ്ങളിൽനിന്നും അദ്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോകൾ ഇതിനു മുൻപും സോഷ്യൽ മീഡിയ വഴി വന്നിട്ടുണ്ട്. പല വീഡിയോകളും കാണുമ്പോൾ അമ്പരന്നു പോകാറുമുണ്ട്. ഇത്തരത്തിൽ അമ്പരപ്പിക്കുന്നൊരു വീഡിയോയാണ് ബെംഗളൂരു സിറ്റി പൊലീസ് ഷെയർ ചെയ്തിരിക്കുന്നത്.
കാറപകടത്തിൽനിന്നും അദ്ഭുതകരമായി ഒരു കുട്ടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ബെംഗളൂരു സിറ്റി പൊലീസ് അവരുടെ ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. റെസിഡൻഷ്യൽ ഏരിയയെന്നു തോന്നുന്ന പ്രദേശത്ത് കുട്ടികൾ കളിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികൾ കളിക്കുന്ന സ്ഥലത്തുനിന്നും കുറച്ചു മാറി രണ്ടു കാറുകൾ പാർക്ക് ചെയ്തിരിക്കുന്നു. ഒരു കാറിനു സമീപത്തായി ഒരു കുട്ടി തറയിലിരുന്ന് തന്റെ അഴിഞ്ഞുപോയ ഷൂ ലെയ്സ് കെട്ടുകയാണ്. ഇതിനിടയിലാണ് മുന്നിൽ കുട്ടിയുണ്ടെന്നു ശ്രദ്ധിക്കാതെ യുവതി കാർ മുന്നോട്ടു എടുത്തത്.
കുട്ടിയെയും കൊണ്ട് മുന്നോട്ടുപോയ കാർ ഒരു നിമിഷത്തിൽ കുട്ടിയുടെ പുറത്തുകൂടെ കയറി ഇറങ്ങിയെന്നും വീഡിയോ കാണുമ്പോൾ തോന്നും. പക്ഷേ പിന്നീട് കാണുന്നത് പരുക്കുകളൊന്നും കൂടാതെ കുട്ടി കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോകുന്നതാണ്.
It teaches us more than what we are just watching…. pic.twitter.com/9XSDfuGU6b
— BengaluruCityPolice (@BlrCityPolice) September 27, 2018
സെപ്റ്റംബർ 24 ന് രാത്രി 7 മണിയോടെയാണ് ദൃശ്യം സിസിടിവിയിൽ റെക്കോർഡ് ആയിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്. കാർ ഓടിച്ചിരുന്ന യുവതിയെ അറസ്റ്റ് ചെയ്യണമെന്നാണ് വീഡിയോ കണ്ട ഒരു പക്ഷം പറയുന്നത്. എന്നാൽ റോഡിൽ കുട്ടിയെ കളിക്കാൻ വിട്ട മാതാപിതാക്കളെയാണ് മറ്റൊരു ഭാഗം കുറ്റപ്പെടുത്തുന്നത്.