ഹൈദരാബാദ്: 127 തവണ അമിതവേഗത്തില്‍ വാഹനമോടിച്ചയാള്‍ക്ക് 1.82 ലക്ഷം രൂപ പിഴ. ഒരു വര്‍ഷത്തിനിടെയാണ് ഇയാള്‍ തന്റെ ഹോണ്ട ജാസ് കാറില്‍ അമിതവേഗത്തില്‍ ഇത്രയും തവണ പാഞ്ഞത്. 2017 ഏപ്രില്‍ 4നും 2018 മാര്‍ച്ച് 10നും ഇടയിലാണ് ഇയാള്‍ നിയമം തെറ്റിച്ചത്. ഹൈദരാബാദില്‍ നിന്നുളളയാള്‍ക്കാണ് പൊലീസ് പിഴ വിധിച്ചത്.

അപകടസാധ്യത ഏറെയുളള നഗരത്തിലെ റോഡുകളിലെ സിസിടിവി ക്യാമറകളില്‍ കാര്‍ പലതവണ പിടിക്കപ്പെട്ടിട്ടുണ്ട്. ഔട്ടര്‍ റിങ് റോഡില്‍ അടക്കം അമിതവേഗത്തിലാണ് ഇയാള്‍ യാത്ര ചെയ്തത്. നേരത്തേ ഇവിടെ 120 കി.മി. വേഗത്തിലായിരുന്നു യാത്ര അനുവദിച്ചിരുന്നത്. എന്നാല്‍ അപകടങ്ങള്‍ പതിവായതോടെ മണിക്കൂറില്‍ 100 കി.മി. വേഗതയാക്കി കുറച്ചിരുന്നു. അമിതവേഗത്തിന് 1435 രൂപയാണ് പിഴയൊടുക്കേണ്ടത്. ഇതോടെ ആകെ തുകയായി 1.83 ലക്ഷം രൂപയാണ് പിഴയായി വിധിച്ചത്.

‘കുറ്റക്കാരന് ചലാന്‍ സംബന്ധിച്ച വിവരങ്ങള്‍ സന്ദേശമായി മൊബൈല്‍ ഫോണില്‍ അയച്ചിട്ടുണ്ട്. വാഹനം റജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്ന നമ്പറിലാണ് സന്ദേശം അയച്ചത്. മൊബൈല്‍ നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ സന്ദേശം ലഭിച്ച് കാണില്ല. ഇതുവരെയും മറുപടി ഉണ്ടായിട്ടില്ല. വൈകിയാല്‍ വണ്ടി പിടിച്ചെടുക്കാനുളള നടപടിയിലേക്ക് നീങ്ങും’, ആര്‍ജിഐ എയര്‍പോര്‍ട്ട് ട്രാഫിക് പൊലീസ് പറഞ്ഞതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook