ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി ക്യാപ്റ്റൻ അമരീന്ദർ സിങ് (75) സത്യപ്രതിജ്ഞ ചെയ്‌തു. അമരീന്ദർ സിങ് ഉൾപ്പെടെ 9 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പത്തു വർഷങ്ങൾക്ക് ശേഷമാണ് പഞ്ചാബിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നത്.

രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ വി.പി.സിങ് ബഡ്‌നോർ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇത് രണ്ടാം തവണയാണ് അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത്. മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അമരീന്ദറിന് പുറമേ, നവ്ജ്യോത് സിങ് സിദ്ദു, മൻപ്രീത് ബാദൽ, ബ്രഹം മൊഹീന്ദ്ര, ചരൺജിത് ചാനി, റാണ ഗുർജിത്, ത്രിപദ് ബജ്‍വ എന്നിവർ കാബിനറ്റ് പദവിയോടെ സ്ഥാനമേറ്റപ്പോൾ അരുണ ചൗധരി, റസിയ സുൽത്താന എന്നിവർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായും സ്ഥാനമേറ്റു.

മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ലെന്നാണ് സൂചന. മന്ത്രിമാരുടെ വകുപ്പിനെ സംബന്ധിച്ചും തീരുമാനമായിട്ടില്ല. മുഖ്യമന്ത്രിയായി അധികാരമേറ്റ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ പ്രധാന മന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു. 117 അംഗങ്ങളുളള നിയമസഭയില്‍ 77 സീറ്റുകളാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിൽ നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ