ന്യൂഡൽഹി: കേന്ദ്ര സായുധ പൊലീസ് സേന (സിഎപിഎഫ്), അസം റൈഫിൾസ് എന്നിവയുടെ എല്ലാ ഡയറക്ടർ ജനറലുകളോടും (ഡി-ജി) സേനയിലെ ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ആവശ്യപ്പെട്ടു. ഈ ഒഴിവുകൾ നികത്താൻ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ 83,000-ലധികം ഗസറ്റഡ് ഓഫീസർമാരുടെയും (ജിഒ) ഉദ്യോഗസ്ഥരുടെയും കുറവ് അർധസൈനിക വിഭാഗങ്ങളിലുണ്ട്. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), സശാസ്ത്ര സീമ ബാൽ (SSB), അസം റൈഫിൾസ് (AR) എന്നിവയുടെ ഡി-ജിമാർക്ക് ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് കഴിഞ്ഞയാഴ്ച ഒരു കത്ത് അയച്ചതായി വൃത്തങ്ങൾ പറഞ്ഞു.
ആകെയുള്ള 83,127 ഒഴിവുകളിൽ സിആർപിഎഫിൽ 29,283 ഒഴിവുകളും ബിഎസ്എഫിൽ 19,987 ഒഴിവുകളും സിഐഎസ്എഫിൽ 19,475 ഒഴിവുകളുമാണുള്ളത്. ഒഴിവുകൾ നികത്തുന്നതിനായി സിഎപിഎഫുകളിൽ റിക്രൂട്ട്‌മെന്റ് നടപടികൾ തുടങ്ങിയതായി ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചിരുന്നു. 2023 ഓടെ നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.