തിരുവനന്തപുരം: കേപ്പിന്റെ (കോ -ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എജ്യൂക്കേഷൻ) കീഴിലുള്ള എഞ്ചിനീയറിംഗ് കോളജുകളില്‍ മെറിറ്റ് സീറ്റ് 10 ശതമാനം വർധിപ്പിച്ച് 60 ശതമാനമാക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. എന്‍.ആര്‍.ഐ ക്വാട്ട 15 ല്‍ നിന്ന് അഞ്ച് ശതമാനമായി കുറക്കും. നിലവിലുള്ള 35 ശതമാനം മാനേജ്മെന്‍റ് ക്വാട്ടയില്‍ പത്ത് ശതമാനം സഹകരണ മേഖലയിലെ ജീവനകാര്‍ക്കായി മാറ്റിവെയ്ക്കും. നിലവിലെ ഫീസ് ഘടനയില്‍ മാറ്റമൊന്നും വരുത്താതെയാണ് ഈ തീരുമാനം നടപ്പിലാക്കുക. സ്വാശ്രയമേഖലയിലെ കൊള്ളരുതായ്മകള്‍ അവസാനിപ്പിക്കാന്‍ നല്ലതെന്ന വിലയിരുത്തിയാണ് ഈ നടപടി.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ അവസാന കാലത്ത് തൃശൂര്‍ വടക്കാഞ്ചേരിയില്‍ ആരംഭിച്ച കോളജിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശം പോലും കൈമാറാതെ തിരക്കിട്ട് 45 കോടി രൂപ ചെലവില്‍ നിര്‍മ്മാണം ആരംഭിച്ച സാഹചര്യം അടക്കം അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 12 കോടി രൂപ ചെലവഴിച്ചിട്ടും ഒരു ബ്ളോക്കിന്‍െറ അടിസ്ഥാനം മാത്രമാണിടാന്‍ കഴിഞ്ഞത്. രണ്ട് നിലയുള്ള ഒന്‍പത് ബ്ളോക്ക് ആരംഭിക്കാനായിരുന്നു ഉദ്ദേശം. പഞ്ചായത്തിന്റേതാണ് സ്ഥലമെങ്കിലും ഇതുവരെ കൈമാറിയിട്ടില്ല. ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുവരികയാണ്. പുതിയ കോളജ് വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധി സ്ഥാപനത്തെ തകര്‍ക്കുന്ന സ്ഥിതിയായതിനാല്‍ കോളജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടര്‍ന്ന് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു.

കേപ്പിന്‍െറ കീഴിലുള്ള എം.ടെക് കോഴ്സുകളുടെ ഫീസ് ഘടന പുനഃപരിശോധിക്കും. നിലവിലുള്ള ഫീസ് കൂടുതലാണെന്നാണ് വിലയിരുത്തല്‍. പ്രധാനപെട്ട കോളജുകളെ ഗവേഷണ കേന്ദ്രങ്ങളായി ഉയര്‍ത്തും. സെന്‍റര്‍ ഓഫ് എക്സലന്‍സായി ചില ബ്രാഞ്ചുകളെ മാറ്റും. ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ അക്കാദമിക സ്വയംഭരണ കോളജുകളാക്കി ഈ സ്ഥാപനങ്ങളെ മാറ്റും. സംസ്ഥാനത്ത് കേപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ജോബ് ഫെയര്‍ നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തും. ആലപ്പുഴയിലെ സാഗര ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപെടുത്തും.
എഞ്ചിനീയറിംഗ് കോളജുകളുടെ ഗുണമേന്‍മ ഉറപ്പ്വരുത്താന്‍ എന്‍.ബി.എ- അക്രഡിറ്റേഷന്‍ പ്രവര്‍ത്തനം ത്വരിതപെടുത്തും. പുതുതായി എഞ്ചിനീയറിംഗ് കോളജുകള്‍ ആരംഭിക്കുന്നതിന് പകരം നിലവിലെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook