ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഭരണ നയങ്ങളുടെ ആസൂത്രകരായ നീതി ആയോഗ് സിവിൽ സർവ്വീസ് പരീക്ഷയെഴുതാനുളള ഉയർന്ന പ്രായപരിധി വെട്ടിച്ചുരുക്കാൻ നിർദ്ദേശിച്ചു. നിലവിൽ 32 എന്ന പ്രായം 27 ആക്കി കുറയ്ക്കണം എന്നാണ് നീതി ആയോഗ് നിർദ്ദേശിച്ചിരിക്കുന്നത്.
ജനറൽ കാറ്റഗറിയിലാണ് ഈ മാറ്റത്തിന് നിർദ്ദേശിച്ചിരിക്കുന്നത്. 2022-23 കാലയളവിനുളളിൽ ഈ തീരുമാനം നടപ്പിലാക്കണം എന്നാണ് അറിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സിവിൽ സർവ്വീസ് വിഭാഗങ്ങളുടെ എണ്ണം കുറയ്ക്കുക, വ്യക്തികളെ അവരുടെ മികവനുസരിച്ച് വിവിധ ജോലികൾക്ക് പരിഗണിക്കുക, എല്ലാ വിഭാഗത്തിലേക്കുമായി ഇന്റഗ്രേറ്റഡ് പരീക്ഷ നടത്തുക തുടങ്ങി നിർദ്ദേശങ്ങൾ പലതാണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ 60 ഓളം സിവിൽ സർവ്വീസുകളാണ് ഇപ്പോഴുളളത്. ഇപ്പോഴത്തെ സിവിൽ സർവ്വീസ് ഉദ്യോഗാർത്ഥികളുടെ ശരാശരി പ്രായം 25 വയസും ആറ് മാസവുമാണ്. ഇതിന് പുറമെ ഇന്ത്യയിലെ നിലവിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് 35 വയസിൽ താഴെയുളളവരാണ് എന്നതും നീതി ആയോഗിന്റെ ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
വിവിധ സർക്കാർ മേഖലകളിലേക്ക് സ്വകാര്യ മേഖലയിൽ മികച്ച പ്രവർത്തന പരിചയമുളളവരുടെ ലാറ്ററൽ എൻട്രിക്കും അവസരം ഒരുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.