ന്യൂഡല്‍ഹി: പട്ടികജാതി/പട്ടിക വര്‍ഗവിഭാഗങ്ങള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള നിയമം ശക്തമാക്കി ഭേദഗതി കൊണ്ടുവന്നതില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ എല്ലാ പാര്‍ട്ടികളും ആശങ്കാകുലരാകണമെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍. മേല്‍ജാതി സംഘടനകള്‍ വ്യാഴാഴ്ച നടത്തിയ ഭാരത് ബന്ദില്‍ ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, യുപി, പഞ്ചാബ് എന്നിവിടങ്ങളില്‍ ജനജീവിതം തടസ്സപ്പെട്ടിരുന്നു.
35 മുന്നോക്ക സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. സംഘര്‍ഷ സാധ്യത പരിഗണിച്ച് പലയിടത്തും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബിജെപിയുടെ വ്യാപാര സെല്‍ മീറ്റിലാണ് സുമിത്ര മഹാജന്‍ എല്ലാ പാര്‍ട്ടികളും പ്രതിഷേധത്തിന് പരിഹാരം കാണാന്‍ നീക്കം നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 6ന് ലോക്സഭയിലും ഓഗസ്റ്റ് 9ന് രാജ്യസഭയിലും പാസാക്കിയ പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ക്ക് എതിരായ അതിക്രമം തടയുന്നതിനുളള ബില്ലിലെ നിയമഭേദഗതിക്കായി എല്ലാ പാര്‍ട്ടികളും വോട്ട് ചെയ്തതാണെന്ന് സുമിത്ര മഹാജന്‍ ചൂണ്ടിക്കാട്ടി.
‘നിയമം ഉണ്ടാക്കുക എന്നതാണ് പാര്‍ലമെന്റിന്റെ ജോലി. എന്നാല്‍ എല്ലാ അംഗങ്ങളും ഇതിനെ കുറിച്ച് ബോധവാന്മാരായിരിക്കണം. ഈ വിഷയത്തില്‍ ചര്‍ച്ച നടത്താനുളള സാഹചര്യം എല്ലാവരും സൃഷ്ടിക്കണം. ഞാന്‍ എന്റെ കുട്ടിക്ക് ഒരു ചോക്ലേറ്റ് നല്‍കിയെന്ന് കരുതുക. എന്നാല്‍ ഇത്ര വലിയ ചോക്ലേറ്റ് ഒറ്റത്തവണ കഴിക്കുന്നത് മോശമാണെന്ന് തിരിച്ചറിയുമ്പോള്‍ നമ്മള്‍ അത് തിരികെ വാങ്ങിക്കാന്‍ നോക്കും. എന്നാല്‍ കുട്ടിക്ക് ദേഷ്യം പിടിക്കുകയും കരയുകയും ചെയ്യുമെന്ന് അറിയുന്നത് കൊണ്ട് നമുക്ക് അത് പെട്ടെന്ന് വാങ്ങാനാവില്ല. എന്നാല്‍ വിവേകമുളളവര്‍ക്ക് കുട്ടിയെ പറഞ്ഞ് ബോധ്യപ്പെടുത്തി ആ ചോക്ലേറ്റ് തിരികെ വാങ്ങാന്‍ കഴിയും. നമ്മള്‍ കൊടുത്ത ഒരു സാധനം പെട്ടെന്ന് തിരികെ വാങ്ങാന്‍ ശ്രമിച്ചാല്‍ അവിടെയൊരു പൊട്ടിത്തെറി നടക്കും’, പട്ടികവര്‍ഗ നിയമത്തില്‍ നിയമഭേദഗതി വേണമെന്ന നിലപാട് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു സ്പീക്കര്‍.
പട്ടികവിഭാഗക്കാര്‍ക്ക് എതിരായ അതിക്രമം തടയുന്നതിനുളള നിയമം ദുര്‍ബലമാക്കിയ സുപ്രീം കോടതി വിധി മറികടക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയില്‍ പ്രതിഷേധിച്ചായിരുന്നു മേല്‍ജാതിക്കാര്‍ കഴിഞ്ഞ ദിവസം ബന്ദ് ആചരിച്ചത്. ഭേദഗതിയെ ബിജെപി എതിര്‍ത്തില്ലെന്നാണ് ഇവരുടെ ബന്ദാഹ്വാനം.