ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ സർക്കാർ രൂപീകരിച്ച നടപടിയിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി. വിശ്വാസ വോട്ടെടുപ്പ് നേരിടാതെയാണ് ഉദ്ധവ് സർക്കാർ രാജിവച്ചത്. അതിനാൽ ഷിൻഡെയെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച ഗവർണറുടെ നടപടിയിൽ തെറ്റില്ല. വിശ്വാസ വോട്ടെടുപ്പ് നേരിടാത്തതിനാൽ ഉദ്ധവ് സർക്കാരിനെ പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.
വിശ്വാസ വോട്ടെടുപ്പിനുള്ള ഗവർണറുടെ തീരുമാനം തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനാപരമായല്ല ഗവർണർ അധികാരം ഉപയോഗിച്ചതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പ്രതിപക്ഷം സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയിട്ടില്ല. വിശ്വാസ വോട്ടെടുപ്പിന് സഭാസമ്മേളനം വിളിക്കാൻ ഗവർണർക്ക് മതിയായ കാരണം വേണം. പാർട്ടിയിലെ ആഭ്യന്തര തർക്കം പരിഹരിക്കാൻ വിശ്വാസ വോട്ടെടുപ്പ് ഉപയോഗിക്കാൻ പാടില്ല. ഒരു വിഭാഗത്തിന്റെ പ്രമേയത്തെ ഗവർണർ മുഖവിലയ്ക്കെടുക്കാൻ പാടില്ലായിരുന്നു. മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ഗവർണർ കണക്കാക്കിയത് തെറ്റ്. വേണമെങ്കിൽ ഫഡ്നാവിസിന് അവിശ്വാസ പ്രമേയം കൊണ്ടുവരാമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
ഷിൻഡെ വിഭാഗത്തിന്റെ വിപ്പിന് സ്പീക്കർ അംഗീകാരം നൽകിയത് നിയമവിരുദ്ധമെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ പാർട്ടി നൽകുന്ന വിപ്പിനാണ് അംഗീകാരം നൽകേണ്ടത്. രാഷ്ട്രീയ പാർട്ടിയുടെ പിന്തുണ ആർക്കെന്ന് സ്പീക്കർ പരിശോധിക്കേണ്ടിയിരുന്നുവെന്നും സുപ്രീം കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു.
ശിവസേനയിലെ പിളര്‍പ്പിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാടി സര്‍ക്കാര്‍ രാജി വയ്ക്കുന്നതിന് മുമ്പുള്ള തല്‍സ്ഥിതി പുനഃസ്ഥാപിക്കണം എന്നാണ് ഉദ്ധവ് താക്കറെ വിഭാഗം ഭരണഘടനാ ബെഞ്ചിന് മുൻപാകെ ആവശ്യപ്പെട്ടത്.