കോടതികളിൽ പ്രാദേശിക ഭാഷകൾ കൊണ്ടുവരുന്നത് പോലുള്ള പരിഷ്കാരങ്ങൾ ഒരു ദിവസം കൊണ്ട് നടക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ.
“ചിലപ്പോൾ ജഡ്ജിമാരിൽ ചിലർക്ക് പ്രാദേശിക ഭാഷ പരിചിതമല്ലായിരിക്കും. ചീഫ് ജസ്റ്റിസ് എപ്പോഴും പുറത്തുനിന്നായിരിക്കും. മിക്ക മുതിർന്ന ജഡ്ജിമാരും ചിലപ്പോൾ പുറത്തുനിന്നുള്ളവരുമാവും,” ജസ്റ്റിസ് രമണ പറഞ്ഞു.
“ഒരു പ്രാദേശിക ഭാഷ കോടതിയിൽ നടപ്പിലാക്കുന്നതിൽ നിരവധി തടസ്സങ്ങൾ ഉണ്ട്,” കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിനിടെ ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
2014ൽ കോടതികളിൽ പ്രാദേശിക ഭാഷകൾ ഉപയോഗിക്കണമെന്ന ആവശ്യം സുപ്രീം കോടതിയുടെ ഫുൾ കോടതി തള്ളിയിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
“അതിനുശേഷം, സുപ്രിംകോടതിയുടെ മുമ്പാകെ വ്യക്തമായ നിർദ്ദേശങ്ങളൊന്നും വന്നില്ല. ഇപ്പോൾ അടുത്തിടെ പ്രാദേശിക ഭാഷകൾ അനുവദിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.
ജുഡീഷ്യൽ നടപടികളിൽ പ്രാദേശിക ഭാഷ ഉപയോഗിക്കുന്നത് തമിഴ്നാട് ആവശ്യം ഉന്നയിച്ചതായി ചീഫ് ജസ്റ്റിസ് പറഞ്ഞു.
Also Read: കോടതികളില്‍ പ്രാദേശികഭാഷകളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കണം: നരേന്ദ്ര മോദി
ഗുജറാത്തിൽ നിന്നുള്ള ഒരു മുതിർന്ന രാഷ്ട്രീയക്കാരന്റെ സമാനമായ അഭ്യർത്ഥനയും ജസ്റ്റിസ് രമണ പരാമർശിച്ചു. എന്നാൽ തനിക്ക് ഇതുവരെ നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമതലം മുതൽ സുപ്രീം കോടതി വരെ ഇത് എത്താൻ കുറച്ച് സമയമെടുക്കും, ”അദ്ദേഹം പറഞ്ഞു.
“രണ്ടാമതായി, മുഴുവൻ രേഖകളും പ്രാദേശിക ഭാഷയിലേക്കോ പ്രാദേശിക ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്കോ വിവർത്തനം ചെയ്യേണ്ട സാങ്കേതികവിദ്യയോ സംവിധാനമോ ഞങ്ങളുടെ പക്കലില്ല. ലോജിസ്റ്റിക് പിന്തുണയാണ് ഏറ്റവും വലിയ പ്രശ്നം,” ജസ്റ്റിസ് രമണ പറഞ്ഞു.
ഒരു പരിധി വരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് പോംവഴി, മുൻ സിജെഐ എസ് എ ബോബ്ഡെയും ജസ്റ്റിസ് നാഗേശ്വര റാവു കമ്മിറ്റിയും ഈ വിഷയത്തിൽ എന്തൊക്കെയോ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“നമുക്ക് ഒരു ദിവസം കൊണ്ട് പരിഷ്കാരം നടപ്പിലാക്കാൻ കഴിയില്ല. ഒരു നിശ്ചിത കാലയളവിൽ മാത്രമേ ഇത് സംഭവിക്കൂ എന്ന് ഞാൻ കരുതുന്നു, ”അദ്ദേഹം പറഞ്ഞു.