/indian-express-malayalam/media/media_files/V4GncI0xutqumWJCpR6n.jpg)
ഈ വർഷം കോട്ടയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാർത്ഥിയാണിത് (പ്രതീകാത്മക ചിത്രം)
എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 18 കാരി തിങ്കളാഴ്ച പുലർച്ചെ ആത്മഹത്യ ചെയ്തു. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നതിൻ്റെ പേരിൽ കുപ്രസിദ്ധമായ രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. മാതാപിതാക്കളോടൊപ്പം താമിസിച്ചിരുന്ന പെൺകുട്ടി, ജനുവരി 30ന് നടക്കാനിരിക്കുന്ന ജോയിൻ്റ് എൻട്രൻസ് പരീക്ഷയ്ക്ക് (ജെഇഇ) തയ്യാറെടുക്കുകയായിരുന്നുവെന്ന് കോട്ട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ധരംവീർ സിംഗ് പറഞ്ഞു.
പരീക്ഷയെ കുറിച്ചുള്ള സമ്മർദ്ദമാകാം പെൺകുട്ടി ജീവിനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. "മമ്മി പപ്പാ, എനിക്ക് ജെഇഇ ചെയ്യാൻ കഴിയില്ല, ഞാൻ ആത്മഹത്യ ചെയ്യുന്നു. ഞാൻ ഒരു പരാജിതനാണ്, ഏറ്റവും മോശമായ മകൾ. സോറി മമ്മി പപ്പാ. ഇതാണ് അവസാന ഓപ്ഷൻ," ആത്മഹത്യ കുറിപ്പിൽ പറയുന്നു.
ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനായ പിതാവിന്റെ, മൂന്നു മക്കളിൽ മൂത്ത മകളായിരുന്നു മരണപ്പെട്ട വിദ്യാർത്ഥിനി. കഴിഞ്ഞ വർഷം പ്ലസ്ടു പാസായെങ്കിലും പെൺകുട്ടിയ്ക്ക് മാർക്ക് കുറവായതിനാൽ മോക്ക് പരീക്ഷകൾ നടത്തുകയും, ജെഇഇയ്ക്ക് തയ്യാറെടുക്കുകയുമായിരുന്നെന്ന്, പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.
ഈ വർഷം കോട്ടയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാർത്ഥിയാണിത്. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ വിദ്യാർത്ഥിയാണ് കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തത്. 30 ഓളം വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷം നഗരത്തിൽ ആത്മഹത്യ ചെയ്തത്.
കുട്ടികളിൽ അമിത സമ്മർദ്ദവും, പരീക്ഷയ്ക്കായുള്ള മാനസ്സീകാരോഗ്യം കണക്കാക്കാതെയുള്ള ആശാസ്ത്രീയ കോച്ചിംഗ് രീതിയുമാണ് കോട്ടയിലെ വിദ്യാർത്ഥി ആത്മഹത്യകൾക്ക് കാരണമെന്ന് വിമർശനങ്ങളും ഉയരുന്നുണ്ട്.
കോട്ടയിലെ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്, സാധാരണയായി തിങ്കൾ മുതൽ ശനി വരെ ഏഴോ എട്ടോ മണിക്കൂർ സമയമാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇടയ്ക്ക് ഉന്മേഷത്തിനായി ഒരു ചെറിയ ഇടവേളയും നൽകും. പാഠ്യവിഷയങ്ങളിലെ സംശയാസ്പദമായ ഭാഗങ്ങൾ പരിഹരിക്കാൻ ഞായറാഴ്ചകളിലും ക്ലാസ്സുകൾ നടത്താറുണ്ട്.
ഇതിനു പുറമേ ആഴ്ചയിൽ കുറഞ്ഞത് മൂന്ന് പരീക്ഷകളും, മാസത്തിലെ അവസാന ഞായറാഴ്ച പ്രധാന പരീക്ഷയും നടത്തും. കേച്ചിംഗ് രീതിയുടെ വേഗതയിലും കഠിനമായ ഘടനയിലും, ക്ലാസ്സിനിടെ വിദ്യാർത്ഥികൾ കുഴഞ്ഞു വീഴുന്നത് പതിവ് സംഭവമാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നു. മറ്റു വിദ്യാർത്ഥികളുമായി മത്സരിക്കാനും കൂടുതൽ മാർക്ക് നേടാനും ദീർഘ നേര പരിശീലനങ്ങൾ നിരന്തരം നടത്തുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
എന്നാൽ, കോട്ടയിലെ സമീപകാല വിദ്യാർത്ഥി ആത്മഹത്യകൾ കണക്കിലെടുക്കുമ്പോൾ, വിദ്യാർത്ഥികൾക്കിടയിലെ ആരോഗ്യകരമായ മത്സരം ഉറപ്പാക്കാൻ മതിയായ നടപടികൾ സ്വീകരിക്കുന്നുണ്ടോ എന്ന ചർച്ച വീണ്ടും സജീവമാകുകയാണ്.
ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ:Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.