കള്ളം പറയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മത്സരിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യം ഭരിക്കാനും തൊഴിൽ സൃഷ്ടിക്കാനുമെല്ലാം തങ്ങൾക്ക് സാധിക്കുമെന്നും എന്നാൽ അക്കാര്യത്തിൽ മാത്രം പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇപ്പോൾ രണ്ട് കോടി യുവാക്കൾക്ക് ജോലി നൽകുമെന്ന് പ്രധാനമന്ത്രി പ്രസംഗങ്ങളിൽ പറയുന്നില്ല. അയാൾ കള്ളം പറയുകയാണെന്നും ആളുകൾക്ക് അത് അറിയാമെന്നും മോദിക്കറിയാം. പ്രധാനമന്ത്രി ഇവിടെ വന്ന് 2 കോടി ജോലികൾ നൽകുമെന്ന് പറഞ്ഞാൽ ജനങ്ങൾ അദ്ദേഹത്തെ ഓടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുമ്പോഴും മഹാസഖ്യത്തിന് വേണ്ടി രാഹുല്‍ ട്വിറ്ററിലൂടെ വോട്ട് തേടിയതിനെത്തുടര്‍ന്നാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്. നീതി, തൊഴില്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവര്‍ക്ക് വേണ്ടി മഹാസഖ്യത്തിന് വോട്ട് രേഖപ്പെടുത്തണമെന്നാണ് രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്.

”ഇത്തവണ നീതി, തൊഴില്‍, കര്‍ഷക തൊഴിലാളികള്‍, എന്നിവര്‍ക്കായി നിങ്ങളുടെ വോട്ട് മഹസഖ്യത്തിന് വേണ്ടി മാത്രം ചെയ്യുക. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍”, എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

വോട്ടെടുപ്പ് ദിവസം വോട്ട് തേടാന്‍ പാടില്ലെന്നാണ് മാതൃകാ പെരുമാറ്റച്ചട്ടം. അതിനാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 10 ന് ഫലം പുറത്തുവരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook