ന്യൂഡൽഹി: സുപ്രീം കോടതി ജഡജിയായുളള ഇന്ദു മൽഹോത്രയുടെ നിയമനം സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമന ശുപാർശ ഫയൽ കേന്ദ്രം മടക്കിയതിൽ തെറ്റില്ലെന്നും ദീപക് മിശ്ര വ്യക്തമാക്കി.

കെ.എം.ജോസഫിന്റെ നിയമനത്തിൽ തീരുമാനമുണ്ടാകുന്നതുവരെ ഇന്ദു മൽഹോത്രയുടെ നിയമനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക ഇന്ദിരാ ജെയ് സിങ്ങാണ് ഹർജി നൽകിയത്. ഈ ഹർജിയാണ് ചീഫ് ജസ്റ്റിസ് തളളിയത്.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്ന് ശുപാർശ ചെയ്തുകൊണ്ടുളള ഫയൽ കേന്ദ്രസർക്കാർ തിരിച്ചയച്ചിരുന്നു. കേന്ദ്രനിയമന്ത്രാലയമാണ് പുനഃപരിശോധന ആവശ്യപ്പെട്ട് ഫയൽ സുപ്രീം കോടതിക്ക് കൈമാറിയത്. ജോസഫിനെക്കാള്‍ സീനിയോറിറ്റി ഉള്ള നിരവധി ജഡ്ജിമാര്‍ ഉണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന് നിയമനം നല്‍കുന്നത് സീനിയോറിറ്റി മറികടക്കലാകുമെന്നുമാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമെ മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ കൊളീജിയമാണ് മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇന്ദു മല്‍ഹോത്രയുടെ നിയമനത്തിന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കൊളീജിയം ശുപാർശ മൂന്നുമാസത്തോളം തടഞ്ഞു വച്ച ശേഷമാണ് കേന്ദ്ര നിയമ മന്ത്രാലയം അനുമതി നല്‍കിയത്.

സുപ്രീം കോടതിയില്‍ പ്രാക്ട്‌സ് ചെയ്യവേ നേരിട്ട് ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ അഭിഭാഷകയാണ് ഇന്ദു മല്‍ഹോത്ര. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ഒ.പി.മല്‍ഹോത്രയുടെ മകളാണ് ഇന്ദു. 2007-ലാണ് സുപ്രീം കോടതിയില്‍ സീനിയര്‍ അഭിഭാഷക പദവി ലഭിച്ചത്. അതേസമയം, കെ.എം.ജോസഫിന് നിയമനം നൽകിയില്ല. ജസ്റ്റിസ് ജോസഫിനെക്കാളും സീനിയര്‍ ആയ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ ഉണ്ടെന്നായിരുന്നു കേന്ദ്രവാദം.

ഇന്ദു മല്‍ഹോത്രയുടെ നിയമനത്തിന് മാത്രം അംഗീകാരം നല്‍കിയ കേന്ദ്രതീരുമാനത്തിനെതിരെ കോൺഗ്രസും മുതിർന്ന അഭിഭാഷകരും രംഗത്തുവന്നിട്ടുണ്ട്. സുപ്രീം കോടതി കൊളീജിയത്തിനു മുകളിലല്ല കേന്ദ്രമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം പ്രതികരിച്ചത്. ഇന്ദുമല്‍ഹോത്രയുടെ സത്യപ്രതി‍ജ്ഞ നീട്ടിവയ്ക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ