ന്യൂഡൽഹി: നോട്ട് നിരോധനവും ജിഎസ്‌ടിയും കഴിഞ്ഞപ്പോൾ ഒന്നാശ്വസിച്ചിരുന്നോ? ഇതുകൊണ്ടൊക്കെ അങ്ങ് തീരും എന്ന് കരുതിയെങ്കിൽ തെറ്റി. മോദി സർക്കാറിന്റെ അടുത്ത നീക്കം റയിൽവേ യാത്രക്കാർക്കുളള പണിയായാണ് വരുന്നത്. ഇനി ബുക്ക് ചെയ്താലും തീവണ്ടി കൃത്യസമയത്ത് എത്തുമെന്നോ സ്വന്തം സ്റ്റേഷനിൽ നിർത്തുമെന്നോ എന്നൊന്നും കരുതരുത്. അത്തരത്തിലാണ് പുതിയ നവീകരണ പരിപാടികൾ നടപ്പാക്കുന്നത്.

റയിൽവേയെ അടിമുടി മാറ്റാൻ ലക്ഷ്യമിട്ടുളള ശുപാർശകളാണ് റയിൽവേ ബോർഡിന് മുന്നിൽ റയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതി വച്ചിരിക്കുന്നത്. റയിൽവേയെ നവീകരിക്കാനും കൂടുതൽ ലാഭമുണ്ടാക്കാനും ലക്ഷ്യമിട്ടുളള പദ്ധതി ജനസേവനമെന്ന യഥാർത്ഥ മൂല്യത്തിന്റെ കടയ്ക്കൽ തന്നെ കത്തിവച്ചുവെന്നാണ് ആക്ഷേപം ഉയരുന്നത്.

സമയനിഷ്ഠ പാലിക്കാൻ ലക്ഷ്യമിട്ടുളളതാണ് റിപ്പോർട്ടിലെ ശുപാർശകളെന്നാണ് ഉന്നത സമിതി വ്യക്തമാക്കുന്നത്. “ഒരു ട്രയിനിൽ യാത്ര ചെയ്യാൻ ആവശ്യത്തിന് യാത്രക്കാരില്ലെങ്കിൽ ആ ട്രയിൻ റദ്ദാക്കണം. അതിൽ ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരെ അതിനോടടുത്ത മറ്റൊരു ട്രയിനിൽ യാത്ര ചെയ്യാൻ അവസരം ഒരുക്കണം,” റിപ്പോർട്ട് പറയുന്നു.

പിടിഐ യുടെ പക്കലുളള റിപ്പോർട്ടിന്റെ പകർപ്പു പ്രകാരം ട്രെയിൻ ഇനി മുതൽ സ്റ്റേഷനുകളിൽ അധികനേരം നിൽക്കില്ല. ഇനി മുതൽ ട്രയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യാനുമാകില്ല. “ഓരോ സ്റ്റോപ്പിലും ട്രയിൻ നിർത്തുമ്പോഴുളള ചിലവ് 12716 മുതൽ 24506 രൂപ വരെയാണ്. ഇനി അധികമായി ഏതെങ്കിലും സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുന്നുണ്ടെങ്കിൽ ഈ തുക ഈ സ്റ്റേഷനിൽ നിന്ന് ലഭിക്കുമെന്ന് ഉറപ്പായിരിക്കണം,” റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

എല്ലാ സോണുലുകളിലെയും റയിൽവേ മേധാവികൾക്കും അധികവരുമാനമില്ലാത്ത സ്റ്റേഷനുകളുടെ വിവരങ്ങൾ തേടി റയിൽവേ കത്തയിച്ചിട്ടുണ്ട്. ഇതിന് പുറമേ ട്രയിനിന്റെ കാത്തുനിൽപ്പ് സമയം വെട്ടിച്ചുറക്കേണ്ട സ്റ്റേഷനുകളുടെ പട്ടികയും റയിൽവേ തേടിയിട്ടുണ്ട്.

മനുഷ്യരും കന്നുകാലികളും ട്രയിനിടിക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ തീവണ്ടിപ്പാളത്തിന്റെ ഇരുവശത്തും ഫെൻസിംഗ് നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഓരോ കോച്ചിലും ആവശ്യമായ സ്പെയർപാർട്‌സുകൾ കരുതുവാനും ആളില്ലാ ലെവൽ ക്രോസുകൾ ഒഴിവാക്കാനും, തീവണ്ടി സമയം യാന്ത്രികമായി തന്നെ രേഖപ്പെടുത്താനുമുളള നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ട്.

സമയനിഷ്ഠ പാലിക്കാൻ സബർബൻ ലൈനുകളെ പ്രധാന തീവണ്ടിപ്പാതയുമായി ബന്ധിപ്പിക്കരുതെന്ന നിർദ്ദേശവുമുണ്ട്. ഇതിന് പുറമേ ചരക്ക് തീവണ്ടികൾക്കും പ്രത്യേക പാതയെന്ന നിർദ്ദേശവും റയിൽവേ സമിതി മുന്നോട്ട് വച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ