ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് നല്‍കിയ മുന്‍കൂര്‍ ജാമ്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഏപ്രില്‍ ഒന്നിനാണ് ഡല്‍ഹി ഹൈക്കോടതി വദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം, അനുമതി കൂടാതെ രാജ്യം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നിങ്ങനെ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
Read More: അദ്വാനിയുടെയും ജോഷിയുടെയും അനുഗ്രഹം തേടി മോദിയെത്തി; വൈകീട്ട് മന്ത്രിസഭ ചേരും
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് റോബർട്ട് വദ്രയ്ക്കെതിരായ നീക്കവുമായി എൻഫോഴ്സ്മെന്റ് രംഗത്തെത്തിയത്. വദ്ര ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ വേണമെന്നും ഇഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ അന്നത്തെ ആവശ്യം തള്ളിയാണ് കോടതി ഏപ്രിൽ ഒന്നിന് ജാമ്യം അനുവദിച്ചത്. ഇപ്പോഴും അതേ നിലപാടിലാണ് എൻഫോഴ്സ്മെന്റ്. റോബർട്ട് വദ്രയ്ക്ക് നൽകിയിരിക്കുന്ന സംരക്ഷണം കേസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് ഇഡി അവകാശപ്പെടുന്നത്.
Read More: രണ്ടാമനാകാന്‍ അമിത് ഷായോ?; കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന് സൂചന
യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് നടത്തിയ ഇടപാടുകളില്‍ ലഭിച്ച പണം ഉപയോഗിച്ച് റോബര്‍ട്ട് വദ്ര ലണ്ടനില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തല്‍. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വദ്രയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ കനത്ത പരാജയമാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. റോബർട്ട് വദ്രയുടെ ഭാര്യയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പ്രചാരണം നടത്തിയ മണ്ഡലങ്ങളിലടക്കം കോൺഗ്രസ് തോറ്റു. കോൺഗ്രസ് ദേശീയ അധ്യക്ഷനും വദ്രയുടെ ഭാര്യാസഹോദരനുമായ രാഹുൽ ഗാന്ധി അമേഠിയിൽ തോൽക്കുകയും ചെയ്തു.