കാൻബെറ: ഓസ്ട്രേലിയയിൽ പാറക്കെട്ടുകൾക്കിടയിൽനിന്നും സ്വർണക്കട്ടി കണ്ടെത്തി. ടൊറന്റോ ആസ്ഥാനമായ റോയൽ നിക്കൽ കോർപറേഷൻ ഖനന കമ്പനിയിലെ ജീവനക്കാരാണ് സ്വർണ ശേഖരം കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയവയിൽ വച്ചേറ്റവും വലിയ സ്വർണക്കട്ടിയാണ് ഇപ്പോൾ കണ്ടെത്തിയതെന്നാണ് കണക്കാക്കുന്നത്. നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമാണ് ഇത്തരത്തിലുളള സ്വർണക്കട്ടി ലഭിക്കുകയെന്നാണ് ജിയോളജിസ്റ്റുകൾ പറയുന്നത്.

ഓസ്ട്രേലിയയിലെ ചെറിയ പട്ടണമായ കംബാൽഡയിലാണ് ബെറ്റ ഹണ്ട് മൈൻ കമ്പനി സ്ഥിതി ചെയ്യുന്നത്. 1970 മുതൽ നിക്കൽ ഖനനമാണ് കമ്പനി നടത്തിയിരുന്നത്. ഒരു ടണ്ണില്‍ രണ്ടോ നാലോ ഗ്രാം എന്ന കണക്കിനായിരുന്നു നേരത്തെ അയിരില്‍ നിന്നു സ്വര്‍ണം ലഭിച്ചിരുന്നത്. ഇപ്പോൾ കണ്ടെത്തിയ പാറക്കഷ്ണത്തിൽ ടണ്ണിന് 2,000 ഗ്രാം കണക്കാണ് സ്വർണം.

Photo: RNC Minerals

ഭൗമോപരിതലത്തിൽനിന്നും 500 മീറ്റർ താഴെയാണ് ഖനനം നടന്നിരുന്നത്. രണ്ടു വലിയ പാറകളിൽ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു സ്വർണം. രണ്ടു പാറക്കഷ്ണങ്ങളിലായി 9,000 ഔൺസ് സ്വർണം ഉണ്ടായിരുന്നു. ഏകദേശം 15 മില്യൻ ഡോളറാണ് (108 കോടി) ഇവയുടെ വിപണി മൂല്യം. 95 കിലോഗ്രാം തൂക്കം വരുന്ന ഒരു പാറക്കഷ്ണം മുറിച്ചപ്പോൾ അതിൽനിന്നും 2,440 ഔൺസ് സ്വർണം ലഭിച്ചുവെന്ന് കമ്പനി വ്യക്തമാക്കി. ഏറ്റവും പരിശുദ്ധമായ സ്വർണമാണ് ഇതെന്നും ഇവയെ ശുദ്ധീകരിക്കേണ്ടതില്ലെന്നും നേരിട്ട് വിപണിയിൽ വിൽക്കാമെന്നും കമ്പനി പറഞ്ഞു.

Read: സ്വർണ നാണയങ്ങൾ ഒളിപ്പിച്ച മൺകുടം കണ്ടെത്തി

2016 ലാണ് ആർഎൻസി കമ്പനി ബെറ്റ ഹണ്ട് മൈൻ വാങ്ങിയത്. കഴിഞ്ഞ മാർച്ച് മുതൽ നഷ്ടത്തിലായ കമ്പനി വിൽക്കാനുളള നീക്കത്തിലായിരുന്നു. ക്വിബെക്കിലെ ഡുമോണ്ട് നിക്കൽ ഖനന കമ്പനി വാങ്ങുന്നതിനായാണ് ബെറ്റ ഹണ്ട് വിൽക്കാൻ ശ്രമിച്ചത്. ഇതിനുപിന്നാലെയാണ് സ്വർണക്കട്ടി കണ്ടെത്തി കമ്പനി കോടീശ്വരന്മാരായത്.

RNC Minerals

രാത്രിയിൽ ഉറക്കത്തിലാണ് ജീവനക്കാർ സ്വർണക്കട്ടി കണ്ടെന്ന വാർത്ത തന്നെ അറിയിച്ചതെന്നും അതിനുശേഷം തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും കമ്പനിയുടെ മേധാവി മാർക് സെൽബി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook