യുഎസ്-കാനഡ അതിർത്തിയിൽ തണുപ്പിൽ മരവിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ നാലംഗ കുടുംബം കുടുംബം ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലെ കലോൽ താലൂക്കിലെ ഒരു ഗ്രാമത്തിൽ നിന്നുള്ളവരെന്ന് ഉദ്യോഗസ്ഥർ. അവർ ഒരു സംഘത്തിന്റെ ഭാഗമാണെന്നും അവരുടെ ഗ്രാമത്തിൽ നിന്നുള്ള മറ്റുള്ളവരുമായി കാനഡയിലേക്ക് പുറപ്പെട്ടതായും പറയപ്പെടുന്നു. ഈ സംഘത്തിന്റെ ഭാഗമെന്ന് കരുതുന്ന മറ്റ് ഏഴ് പേരെ യുഎസ് അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇതുവരെ ഔദ്യോഗികമായ ആശയവിനിമയമോ, സ്ഥിരീകരണമോ ഇല്ലാത്തതിനാൽ ഇവരുടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല.
“ഇത് നിർഭാഗ്യകരമായ സംഭവമാണ്, ഇത് മാധ്യമങ്ങളിലൂടെ മാത്രമാണ് ഞങ്ങൾ അറിഞ്ഞത്, ഇതുവരെ ഔദ്യോഗിക ആശയവിനിമയം ഉണ്ടായിട്ടില്ല. വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് എന്തെങ്കിലും ആശയവിനിമയം ഉണ്ടായാൽ, ഞങ്ങൾ ഞങ്ങളുടെ തലത്തിൽ സൗകര്യമൊരുക്കും,” ഗാന്ധിനഗർ ജില്ലാ കളക്ടർ കുൽദീപ് ആര്യ പറഞ്ഞു.
യുഎസ്-കാനഡ അതിർത്തിയിൽ പിടികൂടിയ സംഘത്തിലുള്ളവരെല്ലാം ഗുജറാത്തി ഭാഷയാണ് സംസാരിക്കുന്നതെന്ന് മിനസോട്ട കോടതിയിൽ സമർപ്പിച്ച ഒരു ക്രിമിനൽ പരാതിയിൽ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ജോൺ ഡി സ്റ്റാൻലി പറഞ്ഞു.
“എല്ലാ വിദേശ പൗരന്മാരും പടിഞ്ഞാറൻ ഇന്ത്യയിലെ ഗുജറാത്തിൽ സംസാരിക്കുന്ന ഗുജറാത്തി ഭാഷയാണ് സംസാരിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി. മിക്കവർക്കും ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള കഴിവ് പരിമിതമോ ഇല്ലായിരുന്നു. കാനഡയിലും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലും ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് ഗണ്യമായ ഗുജറാത്തി ജനസംഖ്യയുണ്ടെന്നും എനിക്കറിയാം,” ഡി സ്റ്റാൻലി പറയുന്നു.
Also Read: അരുണാചൽ അതിര്‍ത്തിയില്‍ കാണാതായ യുവാവിനെ കണ്ടെത്തിയതായി ചൈനീസ് സൈന്യം
യുഎസിലെയും കാനഡയിലെയും അധികാരികൾ കള്ളക്കടത്ത് റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കുന്നതിനാൽ ഇരകളെ തിരിച്ചറിയാൻ “ഏകദേശം ഒരാഴ്ചയെടുക്കുമെന്ന്” ഉദ്യോഗസ്ഥർ പറഞ്ഞു.
മറ്റൊരു മൂന്ന്-നാല് കുടുംബങ്ങളെ കാണാതായതായി വിശ്വസിക്കപ്പെടുന്നുവെന്ന് നാലംഗ കുടുംബം താമസിക്കുന്ന ഗ്രാമത്തിലെ നിവാസികൾ പറഞ്ഞു.
“വിശദാംശങ്ങൾക്കും മരിച്ചവരുടെ ഫോട്ടോകൾ സ്ഥിരീകരിക്കുന്നതിനുമായി ഞങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് ഒരു മെയിൽ അയച്ചിട്ടുണ്ട്. മാനിറ്റോബയിൽ എത്തിയ കാനഡയിലെ ഞങ്ങളുടെ സുഹൃത്തുക്കളുമായും ഞങ്ങൾ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സ്ഥിരീകരണത്തിനായി കനേഡിയൻ അധികൃതർ അവരെ ആശുപത്രിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന് ഞങ്ങളോട് പറഞ്ഞു,” ഗ്രാമവാസികളിൽ ഒരാൾ പറഞ്ഞു.
മിനസോട്ടയിലെ കോടതി ഫയലിംഗിൽ,തടങ്കലിലായ ഏഴ് ഇന്ത്യക്കാരിൽ മൂന്ന് പേരെ വിഡി, എസ്പി, വൈപി എന്നിങ്ങനെ ചുരുക്കപ്പേരുകളിൽ പരാമർശിച്ചു.
കാനഡയിൽ നിന്ന് ഇന്ത്യക്കാരുടെ സംഘത്തെ യുഎസിലേക്ക് കടത്തിയതിന് 47 കാരനായ സ്റ്റീവ് ഷാൻഡിൻ എന്നയാൾക്കെതിരെയാണ് പരാതി. ഷാൻഡിനൊപ്പം അറസ്റ്റിലായ രണ്ടുപേർ എസ്പി, വൈപി എന്നിവരാണെന്നും പരാതിയിൽ പറയുന്നു.
രണ്ട് ഇന്ത്യക്കാരെ ഷാൻഡിനൊപ്പം പിടികൂടിയതായും മറ്റ് അഞ്ച് പേരെ നോർത്ത് ഡക്കോട്ടയിലെ പെമ്പിനയിൽ നിന്ന് പിടികൂടിയതായും സ്റ്റാൻലി പറഞ്ഞു.
ഇവരെ പിടികൂടിയ പ്രദേശം, മനുഷ്യക്കടത്ത് കൂടുതലായി നടക്കുന്ന പ്രദേശമായാണ് അതിർത്തി പട്രോളിങ്ങിനിടയിൽ അറിയപ്പെടുന്നതെന്നും സ്റ്റാൻലി പറഞ്ഞു.
കൗമാരക്കാരനായ ഒരു മകനും ഒരു കൈക്കുഞ്ഞും ഉൾപ്പെടെ നാല് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ കനേഡിയൻ പോലീസായിരുന്നു രണ്ട് ദിവസം മുൻപ് കണ്ടെത്തിയത്. “അന്താരാഷ്ട്ര അതിർത്തിയുടെ കനേഡിയൻ ഭാഗത്തിനുള്ളിൽ തണുത്തുറഞ്ഞ നിലയിൽ” മൃതദേഹങ്ങൾ കണ്ടെത്തി എന്നായിരുന്നു പൊലീസ് അറിയിച്ചത്.