Latest News

കാനഡയില്‍ ആദ്യമായി വാങ്ങിയ കഞ്ചാവ് ‘ചില്ലിട്ട് സൂക്ഷിക്കുമെന്ന്’ യുവാവ്; രാജ്യത്ത് കഞ്ചാവ് വില്‍പന നിയമവിധേയം

ബുധനാഴ്ച പുലര്‍ച്ചെ ഇയാന്‍ പവര്‍ എന്നയാളാണ് ആദ്യമായി നിയമപരമായി കഞ്ചാവ് വാങ്ങിയത്

ഒട്ടാവ: കാനഡയില്‍ കഞ്ചാവ് വിൽപന നിയമവിധേയമാക്കി. ഇതോടെ കഞ്ചാവ് നിയമവിധേയമായി വില്‍ക്കുന്ന ലോകത്തെ ഏറ്റവും വലിയ വിപണിയായി കാനഡ മാറി. ബുധനാഴ്ച പുലര്‍ച്ചെ തന്നെ കഞ്ചാവ് വിൽപന ആരംഭിച്ചു. ഇയാന്‍ പവര്‍ എന്നയാളാണ് ആദ്യമായി നിയമപരമായി കഞ്ചാവ് വാങ്ങിയത്. എന്നാല്‍ ഈ കഞ്ചാവ് താന്‍ വലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി വാങ്ങിയ കഞ്ചാവ് ഫ്രെയിം ചെയ്ത് വയ്ക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി. ‘ഞാന്‍ ഇത് ഫ്രെയിം ചെയ്ത് എന്റെ വീട്ടിലെ ചുവരില്‍ തൂക്കിയിടും. ഇത് ഞാന്‍ പുകയ്ക്കാന്‍ ഉപയോഗിക്കില്ല,’ ഇയാന്‍ പറഞ്ഞു.

ന്യൂഫൗണ്ട്‌ലാന്റിലാണ് പുലര്‍ച്ചെ കഞ്ചാവ് വിറ്റത്. 30 ഗ്രാമിന് മുകളില്‍ കഞ്ചാവ് സൂക്ഷിച്ചതിന് പ്രതികളാക്കപ്പെട്ട എല്ലാവരോടും ക്ഷമാപണം നടത്തുന്നതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 59 അംഗങ്ങളുള്ള സെനറ്റില്‍ 52 പേരും കഞ്ചാവ് നിയമവിധേയമാക്കുന്ന നിയമത്തെ പിന്തുണച്ചിരുന്നു. കഞ്ചാവ് വളര്‍ത്തുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതും നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നതാണ് നിയമം.

നിയമം നടപ്പാക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ എട്ടുമുതല്‍ 12 ആഴ്ച വരെ സമയം ചോദിച്ചതാണ് ഇത്രയും വൈകാന്‍ കാരണം. ഉറുഗ്വായിക്കു ശേഷം ലോകത്ത് കഞ്ചാവ് നിയമവിധേയമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് കാനഡ. ജി7 രാജ്യങ്ങളില്‍ ഒന്നാമത്തേതും.

എല്ലാ പ്രദേശങ്ങളിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കഞ്ചാവ് വില്‍പ്പനയ്ക്കുള്ള നിയമവും കാനഡയില്‍ കൊണ്ടുവന്നിട്ടുണ്ട്. ലൈസന്‍സ് ഉള്ള വില്‍പ്പനക്കാരില്‍ നിന്നും കനാബിസ് എന്നറിയപ്പെടുന്ന കഞ്ചാവും അതിന്റെ ഓയിലും കാനഡക്കാര്‍ക്ക് ഇഷ്ടംപോലെ വാങ്ങിക്കാം. അംഗീകൃത നിർമ്മാതാക്കള്‍ക്ക് പുറമെ ഓണ്‍ലൈന്‍ മുഖനേയും കഞ്ചാവ് ലഭ്യമാകും. പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് 30 ഗ്രാം മാത്രമേ വാങ്ങിക്കാന്‍ സാധിക്കൂ. നമ്മുടെ കുട്ടികള്‍ക്ക് ഇത്രയും കാലം കഞ്ചാവ് എളുപ്പത്തില്‍ കിട്ടിയിരുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വിറ്ററിലെഴുതി. ഇതിലൂടെ രാജ്യത്തെ കുറ്റവാളികളാണ് ലാഭം നേടിയിരുന്നത്. ഇന്ന് അതിന് നമ്മള്‍ മാറ്റം വരുത്തി. നമ്മുടെ പദ്ധതി കഞ്ചാവിന്റെ ഉപയോഗം നിയമാനുസൃതമാക്കി മാറ്റുകയെന്നതാണെന്ന് ജസ്റ്റിന്‍ ട്രൂഡോ കൂട്ടിച്ചേര്‍ത്തു. നേരത്തെ ചികിത്സയ്ക്കു വേണ്ടി കഞ്ചാവ് ഉപയോഗിക്കുന്നതിന് കാനഡ അനുമതി നല്‍കിയിരുന്നു. 2001 ലായിരുന്നു ഇത്.

അടുത്ത വര്‍ഷത്തോടെ കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യോത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യോത്പന്നങ്ങളെക്കുറിച്ചുള്ള സാധ്യത പഠനം ആദ്യ ഘട്ടത്തില്‍ നടത്തും. അതിനു ശേഷമായിരിക്കും കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യോത്പന്നങ്ങള്‍ വിപണിയിലെത്തിക്കുക.

കഞ്ചാവിന്റെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് കാനഡ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ അനുവദനീയമായ അളവില്‍ കൂടുതല്‍ കഞ്ചാവ് കൈവശം വയ്ക്കുക, നാലില്‍ കൂടുതല്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുക, അംഗീകാരമില്ലാത്ത വ്യാപരികളില്‍ നിന്ന് വാങ്ങുക തുടങ്ങിയവ കുറ്റകരമാണ്. ഇത്തരത്തില്‍ പ്രവർത്തിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത് ജസ്റ്റില്‍ ട്രൂഡോയുടെ 2015-ലെ തിരഞ്ഞെടുപ്പ് വാഗ്‌ദാനമായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Canada now worlds largest legal marijuana marketplace

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express