ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള എല്ലാ വിമാന സര്‍വിസുകളും ജൂലൈ 21 വരെ റദ്ദാക്കി കാനഡ. എന്നാല്‍, ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക്, മൂന്നാമതൊരു രാജ്യത്ത് പോയി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് കാനഡയിലെത്താം. കാനഡ സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്്.
ഇന്ത്യയില്‍നിന്നുള്ള കോവിഡ് -19 മോളിക്യുലര്‍ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ കാനഡ സ്വീകരിക്കില്ലെന്ന് പുതിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. പകരം, യാത്രക്കാര്‍ കാനഡയില്‍ എത്തുന്നതിന് അവസാനമായി പുറപ്പെടുന്ന സ്ഥലത്തുനിന്നുള്ള പരിശോധനാ ഫലം ലഭ്യമാക്കണം.
”ജൂലൈ 21 വരെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുന്നു. ഈ കാലയളവില്‍, ഇന്ത്യയില്‍നിന്ന് പരോക്ഷമായ വഴികളിലൂടെ കാനഡയിലേക്കു വരുന്നവര്‍, മൂന്നാമതു രാജ്യത്തുനിന്നു യാത്ര തുടരുന്നതിനുമുമ്പ് നെഗറ്റീവ് കോവിഡ് -19 മോളിക്യുലര്‍ ടെസ്റ്റ് ഫലം നേടേണ്ടതുണ്ട്,” മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം, കോവിഡ് ബാധിച്ചവര്‍ യാത്ര പുറപ്പെടുന്നതിന് 14 മുതല്‍ 90 ദിവസം മുന്‍പ് വരെ നടത്തിയ പോസിറ്റീവ് ടെസ്്റ്റ്് ഫലം തെളിവായി നല്‍കേണ്ടതാണെണെന്നും മാര്‍ഗദേശത്തില്‍ പറയുന്നു. ”കാനഡയിലേക്കുള്ള യാത്ര തുടരുന്നതിനു മുന്‍പ് മൂന്നാമതൊരു രാജ്യത്തുനിന്ന് ഈ തെളിവ് നേടണം. നിങ്ങള്‍ മൂന്നാമതൊരു രാജ്യത്ത് പ്രവേശിച്ച് കുറഞ്ഞത് 14 ദിവസമെങ്കിലും അവിടെ താമസിക്കേണ്ടതുണ്ട്.” മാര്‍ഗനിര്‍ദേശം പറയുന്നു.
Also Read: India-UAE Flight News: വിമാന സർവീസ് എപ്പോൾ പുനരാരംഭിക്കും; ഗൾഫ് യാത്രയിലെ അനിശ്ചിതത്വം തുടരുന്നു
‘സംഘര്‍ഷം കാരണം’ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ജമ്മു കശ്മീരിലേക്കും അനിവാര്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് കാനഡ തങ്ങളുടെ പൗരന്മാര്‍ക്കു മാര്‍ഗനിര്‍ദേശത്തില്‍ ഉപദേശം നല്‍കുന്നുണ്ട്.
കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 22 മുതല്‍ ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്കു കാനഡ നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. ന്യൂഡല്‍ഹിയില്‍നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീക്കാന്‍ ഈ മാസം ആദ്യം ഇന്ത്യ കാനഡയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.