ചിക്കാഗോ: കാനഡയില്‍ അധികാരം നിലനിര്‍ത്തി ജസ്റ്റിന്‍ ട്രൂഡോ. ലിബറൽ പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായതിനായാണ് ട്രൂഡോയ്ക്ക് അധികാരത്തിൽ തുടരാൻ സാധിച്ചത്. 338 അംഗ സഭയില്‍ 170 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ 156 സീറ്റുകളാണ് ലിബറല്‍ പാര്‍ട്ടിക്ക് നേടാനായത്.
കാനഡയില്‍ ലിബറല്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ന്യൂ ഡെമാക്രാറ്റിക് പാര്‍ട്ടിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 121 സീറ്റുകളും ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി 24 സീറ്റുകളും നേടി. എന്‍ഡിപിക്ക് പ്രതീക്ഷിച്ച സീറ്റുകള്‍ നേടാനായില്ലെങ്കിലും ട്രൂഡോ സര്‍ക്കാരില്‍ സ്വാധീന ശക്തമായി മാറാന്‍ സാധിക്കും.
Thank you, Canada, for putting your trust in our team and for having faith in us to move this country in the right direction. Regardless of how you cast your vote, our team will work hard for all Canadians.
— Justin Trudeau (@JustinTrudeau) October 22, 2019
ട്രൂഡോയുടെ പ്രധാന എതിരാളിയായ ആന്‍ഡ്രൂ ഷീയറിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നേറ്റമുണ്ടാക്കിയെങ്കിലും വിജയത്തിലെത്താന്‍ സാധിച്ചില്ല. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മുഖ്യ പ്രതിപക്ഷമായി തന്നെ തുടരും. അഭിപ്രായ സർവേകളിലെല്ലാം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായിരുന്നു മുന്‍ തൂക്കം.
ആകെ പോള്‍ ചെയ്ത വോട്ടില്‍ 34.4 ശതമാനവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. ലിബറലുകള്‍ക്ക് 33 ശതമാനം വോട്ടാണ് നേടാന്‍ സാധിച്ചത്. ഒന്റാരിയോ പ്രവിശ്യയിലെ വന്‍ മുന്നേറ്റമാണ് ലിബറലുകള്‍ക്ക് തുണയായത്. അതേസമയം, മലയാളി സ്ഥാനാർഥി ടോം വർഗീസ് മിസിസാഗ-മാള്‍ട്ടണ്‍ മണ്ഡലത്തില്‍ ട്രൂഡോ മന്ത്രി സഭയിലെ മൂന്നാമനായ നവദീപ് ബെയ്ന്‍സിനോട് പരാജയപ്പെട്ടു.