scorecardresearch
Latest News

‘ഞങ്ങൾക്ക് പണം കഴിക്കാനാകുമോ?’, വിലക്കയറ്റം, ഭക്ഷ്യ ക്ഷാമം, പൊറുതിമുട്ടിയ ലങ്കയിലെ വീട്ടമ്മ ചോദിക്കുന്നു

2019 ഏപ്രിലിലെ ഈസ്റ്റർ ഞായറാഴ്‌ചയുണ്ടായ സ്‌ഫോടനങ്ങൾ, രണ്ട് കോവിഡ് തരംഗങ്ങൾ, ഇപ്പോഴത്തെ റഷ്യ-യുക്രൈൻ യുദ്ധം എന്നിവയെ തുടർന്ന് ശ്രീലങ്ക ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്

‘ഞങ്ങൾക്ക് പണം കഴിക്കാനാകുമോ?’, വിലക്കയറ്റം, ഭക്ഷ്യ ക്ഷാമം, പൊറുതിമുട്ടിയ ലങ്കയിലെ വീട്ടമ്മ ചോദിക്കുന്നു
Photo: Screengrab

“ഞായറാഴ്ച രാവിലെ ഗ്യാസ് തീർന്നു. ഒരു സിലിണ്ടറുണ്ടോയെന്ന് അറിയാൻ ഞാൻ ഏജൻസിയിൽ വിളിച്ചു, അവർ കുറച്ച് ദിവസത്തേക്ക് വിതരണമില്ലെന്ന് പറഞ്ഞു. ഞാൻ ഒരെണ്ണം അന്വേഷിച്ച് ഇറങ്ങി, കടകൾ കയറിയിറങ്ങി ഒടുവിൽ മൂന്ന് മണിക്കൂറിന് ശേഷം ഞാൻ ഒരു സിലിണ്ടർ കണ്ടെത്തി.” ശ്രീലങ്കയുടെ കിഴക്കൻ പ്രവിശ്യയിലെ ബട്ടിക്കലോവയിൽ ജോലി ചെയ്യുന്ന 31-കാരിയായ സ്കൂൾ അധ്യാപിക വാണി സൂസൈ ജനുവരി അവസാന വാരം ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ആദ്യ സൂചനകളെ കുറിച്ചുള്ള ഓർമ്മ പങ്കുവച്ചതാണിത്.

രണ്ടുമാസങ്ങൾക്കിപ്പുറം പാചകവാതക വിതരണം ഇപ്പോൾ ആഴ്ചയിലൊരിക്കലായി കുറഞ്ഞിരിക്കുകയാണ്. “എല്ലാവരും ഞായറാഴ്ച പുലർച്ചെ നാല് മണി മുതൽ ആരംഭിക്കുന്ന ക്യൂവിൽ നിന്നാണ് ഗ്യാസ് വാങ്ങുന്നത്. അവർ ഒരേസമയം 300 ടോക്കണുകളാണ് നൽകുക, ക്യൂവിൽ ആയിരത്തിലധികം ആളുകളുണ്ടാകും”, സൂസൈ പറഞ്ഞു.” ജോലി ചെയ്യുന്നതിനാൽ തനിക്ക് അധിക സമയം ക്യൂവിൽ ചെലവഴിക്കാൻ കഴിയില്ലെന്നും സൂസൈ പറയുന്നു. അവരുടെ ഭർത്താവ് വിദേശത്തുമാണ്. അതുകൊണ്ട് അവസരം ആകുമ്പോഴാണ് താൻ പോകുന്നതെന്ന് അവർ പറയുന്നു.

ഇത്തരം സാമ്പത്തിക പ്രതിസന്ധികളാൽ ലങ്കയിൽ നിന്ന് പലായനം ചെയ്ത ഒരു ഡസനിലധികം ആളുകളാണ് കഴിഞ്ഞ ആഴ്ച തമിഴ്‌നാട്ടിൽ എത്തിയത്. 2019 ഏപ്രിലിലെ ഈസ്റ്റർ ഞായറാഴ്‌ചയുണ്ടായ സ്‌ഫോടനങ്ങൾ, രണ്ട് കോവിഡ് തരംഗങ്ങൾ, ഇപ്പോഴത്തെ റഷ്യ-യുക്രൈൻ യുദ്ധം എന്നിവയാൽ തകർന്ന രാജ്യം, അതിന്റെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധികളിലൊന്നാണ് അഭിമുഖീകരിക്കുന്നത്. തിരിച്ചടികൾ ലങ്കൻ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമായ ടൂറിസം വ്യവസായത്തെ ബാധിച്ചിരുന്നു. എല്ലാം പുറത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യം ഭക്ഷ്യ വിതരണത്തിന്റെ കാര്യത്തിലും പ്രതിസന്ധി നേരിടുകയാണ്.

അമ്മയും മകളും ഉൾപ്പെടെ മൂന്ന് പേരടങ്ങുന്ന തന്റെ കുടുംബത്തിന് പ്രതിമാസ സാധാരണ ചെലവ് ശ്രീലങ്കൻ പ്രതിമാസം 30,000 രൂപയായിരുന്നുവെന്ന് സൂസൈ പറയുന്നു. എന്നാൽ ഈ മാസം ഇതിനകം 83,000 രൂപ ചെലവഴിച്ചു. പാൽപ്പൊടിക്ക് ക്ഷാമമുണ്ട്. അരിയും പരിപ്പും കിട്ടാൻ ബുദ്ധിമുട്ടുണ്ട്. ഏഴു മണിക്കൂർ ലോഡ് ഷെഡ്ഡിങ് ഉണ്ട്. എന്നാൽ മെഴുകുതിരികൾ കിട്ടാനില്ല. 12 പാരസെറ്റമോൾ ഗുളികകളുടെ ഒരു സ്ട്രിപ്പിന് 420 രൂപയാണ് വില, പല മരുന്നുകളും അപ്രത്യക്ഷമായി. എന്റെ ശമ്പളം 55,000 രൂപയാണ്, ഭർത്താവ് അയച്ചുതരുന്ന പണം കൊണ്ട് തൽകാലം മാനേജ് ചെയ്യാം. എന്നാൽ ഞങ്ങൾക്ക് പണം കഴിക്കാനാകുമോ?

വടക്കുപടിഞ്ഞാറൻ മേഖലയിലെ കുരുനഗലയിൽ നിന്നുള്ള ദന്ത ഡോക്ടറായ ഡോ.സാമന്ത കുമ്‌നാരയും സമാനമായ അവസ്ഥയിലാണ്. ഓസ്‌ട്രേലിയയിൽ പഠിക്കുന്ന മകന് പണമയക്കാൻ കഴിയാത്ത അവസ്ഥയിലാണ്. “എല്ലാ ഡോളർ അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുന്നു,” ഡോ കുമ്‌നാര പറയുന്നു.

ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന റഹ്മാൻ തസ്ലീം ഇപ്പോൾ പടിഞ്ഞാറൻ തീരദേശ നഗരമായ നെഗൊമ്പോയിൽ മരപ്പണി ചെയ്താണ് ജീവിക്കുന്നത്. ഇന്ത്യ തനിക്ക് അഭയം നൽകുമോ അതോ ദുബായിലേക്ക് പോകണോ എന്ന ആശയകുഴപ്പത്തിലാണ് അദ്ദേഹം. “ഗ്യാസിന്റെയും ഇന്ധനത്തിന്റെയും ക്ഷാമം കാരണം വിറകിലാണ് പാചകം, പക്ഷേ എന്റെ ഭാര്യ ഒരിക്കലും വിറകിൽ പാകം ചെയ്തിട്ടില്ല. വിറകിൽ പാചകം ചെയ്യാൻ വളരെയധികം സമയമെടുക്കും, അവളും ജോലി ചെയ്യുന്നുണ്ട്.” കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് ജോലികൾ മാറി മാറി ചെയ്യുന്ന തസ്ലീം പറയുന്നു,

“പല സ്വകാര്യ ബസുകളും സർവീസ് നിർത്തി, സർക്കാർ സർവീസുകൾ താറുമാറായി, ചില ട്രെയിൻ സർവീസുകളെ ബാധിച്ചു.” കൊളംബോയിൽ ടാക്‌സി ഓടിക്കുന്ന ഹുസൈൻ മുഹമ്മദ് പറയുന്നു, ഇന്ധനവില ഉയരുന്നത് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് അയാൾ പറയുന്നു.

വടക്ക് നിന്ന് തെക്കോട്ട്, കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ ആളുകൾ ദുരിതമനുഭവിക്കുകയാണെന്ന് ബട്ടിക്കലോവ് ബിഷപ്പ് ജോസഫ് പൊന്നയ്യ പറഞ്ഞു. “ഞാൻ എല്ലാ ദിവസവും ദുരിതത്തിന്റെ കഥകൾ കേൾക്കുന്നു.” സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ രാജ്യത്തുടനീളമുള്ള ബിഷപ്പുമാർ ചൊവ്വാഴ്ച കൊളംബോയിൽ യോഗം ചേരുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ഗോത്ബയ രാജപക്‌സെ തന്റെ സെക്രട്ടറിയായി പി ബി ജയസുന്ധരയെ നിയമിച്ചതു മുതൽ ഇത്തരമൊരു സാഹചര്യമുണ്ടകുമെന്ന് താൻ ഭയപ്പെട്ടിരുന്നതായി കൊളംബോ ആസ്ഥാനമായുള്ള ബിസിനസ് പ്രമുഖൻ ദിലിത് ജയവീര പറയുന്നു. മുൻ ഭരണകൂടങ്ങൾക്കൊപ്പം പ്രവർത്തിച്ച വിവാദ ഉദ്യോഗസ്ഥനെ പരാമർശിക്കുകയായിരുന്നു അദ്ദേഹം. എൽ.ടി.ടി.ഇയ്‌ക്കെതിരായ യുദ്ധത്തിൽ രാജപക്‌സെയ്‌ക്ക് വേണ്ടി പ്രവർത്തിച്ച ഒരു പരസ്യ കമ്പനി, ഒരു ജനപ്രിയ ടിവി ചാനൽ, എഫ്‌എം സ്‌റ്റേഷനുകൾ, ദിനപത്രങ്ങൾ, പ്രമുഖ വ്യാപാര സ്ഥാപനമായ ജോർജ്ജ് സ്റ്റുവർട്ട് ആൻഡ് കോ എന്നിവ ജയവീരയുടെ ബിസിനസുകളിൽ ഉൾപ്പെടുന്നു.

“എന്റെ കമ്പനി (ജോർജ് സ്റ്റുവർട്ട്) അടുത്തിടെ ചില ജീവൻ രക്ഷാ മരുന്നുകൾ ഇറക്കുമതി ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്റെ പത്രം പ്രതിസന്ധി നേരിടുന്നുണ്ട്. അതുകൊണ്ട് പേജുകളുടെ എണ്ണം കുറച്ചു,” ജയവീര പറയുന്നു.

ഹോളിവുഡ്, ഷൂട്ടിങ് ലൊക്കേഷനായി ലങ്കയെ പരിഗണിച്ചു വരുമ്പോഴാണ് പ്രതിസന്ധി നേരിട്ടതെന്ന് കൊളംബോ ആസ്ഥാനമായുള്ള ചലച്ചിത്ര നിർമ്മാതാവ് റാസ അക്രം പറയുന്നത്. “എന്റെ നിലവിലുള്ള രണ്ട് പ്രൊഡക്ഷനുകളുടെ ബജറ്റിൽ കുറഞ്ഞത് 30% വർദ്ധനവ് വന്നിട്ടുണ്ട്,” അദ്ദേഹം പറയുന്നു.

“എല്ലാവരും കഷ്ടപ്പെടുകയാണ്” എന്നാണ് കൊളംബോയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നത് . “ആളുകളെ വീട്ടിലിരുത്തി ജോലി ചെയ്യിക്കാൻ സർക്കാർ ശ്രമിക്കുന്നു, എന്നാൽ ലോഡ് ഷെഡിംഗ് ഒരു വെല്ലുവിളിയാണ്. ജനറേറ്ററുകൾക്ക് ഡീസൽ ഇല്ലാത്തതിനാൽ ആശുപത്രികളുടെ പ്രവർത്തനങ്ങളെ വരെ ബാധിച്ചു.” അദ്ദേഹം പറഞ്ഞു.

വരുന്ന പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി എല്ലാവർക്കുമായി സർക്കാർ എന്തെങ്കിലും സാമ്പത്തിക സഹായം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർക്കുന്നു. ചൈനയിൽ നിന്ന് അരി, പെട്രോൾ, ഗ്യാസ് എന്നിവ ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

എന്നാലും, പ്രതിസന്ധി കുറഞ്ഞത് അഞ്ച് വർഷമെങ്കിലും നീണ്ടുനിൽക്കുമെന്ന് യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ റനിൽ വിക്രമസിംഗെ മുന്നറിയിപ്പ് നൽകുന്നു. രാജപക്‌സെ സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ തലതിരിഞ്ഞ നടപടികളെ കുറ്റപ്പെടുത്തി, ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തിയതായി അദ്ദേഹം പറയുന്നു.

ഇന്ത്യൻ, ചൈനീസ് ക്രെഡിറ്റ് ലൈനുകളിലൂടെ ബാങ്കിംഗ് നടത്തുന്നുണ്ടെന്ന് ഇൻഫർമേഷൻ മന്ത്രാലയത്തിലെ അഡീഷണൽ ഡയറക്ടർ ജനറൽ മിലിന്ദ രാജപക്‌സെ പറയുന്നു. ഏപ്രിൽ ആദ്യവാരം ധനമന്ത്രി ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും മേധാവികളുമായി കൂടിക്കാഴ്ച നടത്തും. ഒരു പുനർനിർമ്മാണ പദ്ധതിയെക്കുറിച്ച് ഐഎംഎഫുമായി ഇതിനകം ചർച്ചകൾ നടത്തിയിട്ടുണ്ട്.

Also Read: Russia-Ukraine War News: യുക്രൈൻ അത്ര നിഷ്കളങ്കമല്ല; കീവിന് നേരെയുള്ള ആക്രമണം കുറയ്ക്കുമെന്ന് റഷ്യ പറഞ്ഞതിന് പിന്നാലെ സെലൻസ്കി

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Can we eat money despair in sri lanka amid economic crisis