ബെംഗളൂരു: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും പരിഹാസവുമായി കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ഹെഡ്‌ഗെ. ഉത്തര കന്നടയിലെ സിര്‍സി ടൗണില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

‘പാക്കിസ്ഥാനില്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് അവര്‍ക്ക് തെളിവ് വേണം. സൈന്യം എന്താണ് ചെയ്തത് എന്നതിനാണ് അവര്‍ക്ക് തെളിവ് വേണ്ടത്. അവകാശപ്പെടുന്നതു പോലെ ഒരു ബ്രാഹ്മണനാണെന്ന് തെളിയിക്കാന്‍ സാധിക്കുമോ ഈ മുസ്ലീമിന്റെ മകന്? അയാളുടെ അച്ഛന്‍ ഒരു മുസ്ലീമും അമ്മ ക്രിസ്ത്യാനിയുമാണ്. പിന്നെ എങ്ങനെ അദ്ദേഹം ഒരു ബ്രാഹ്മണനാകും? തെളിവ് തരാന്‍ സാധിക്കുമോ?’ ഹെഡ്‌ഹെ പറഞ്ഞു.

‘ഇനി ഞാന്‍ പറയുന്നത് തമാശയല്ല. രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോള്‍, തിരിച്ചറിയാനായി അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ഡിഎന്‍എ ആവശ്യമായിരുന്നു. രാഹുലിന്റെ ഡിഎന്‍എയുടെ സാമ്പിള്‍ ചോദിച്ചപ്പോള്‍ തരാന്‍ സോണിയ ഗാന്ധി വിസമ്മതിച്ചു. പകരം പ്രിയങ്കയുടെ ഡിഎന്‍എ സാമ്പിള്‍ എടുത്തുകൊള്ളാന്‍ അവര്‍ പറഞ്ഞു. ഇതൊരു തമാശയല്ല. റെക്കോര്‍ഡുകളില്‍ എനിക്കിത് കാണിക്കാന്‍ സാധിക്കും,’ ഹെഡ്‌ഗെ പറഞ്ഞപ്പോള്‍ സദസില്‍ ചിരിയുയര്‍ന്നു.

Read More: മുസ്‌ലിമിന്റെയും ക്രിസ്ത്യാനിയുടേയും മകനായ രാഹുല്‍ എങ്ങനെ ഹിന്ദുവാകുമെന്ന് കേന്ദ്രമന്ത്രി

ഒരു ബ്രാഹ്മണനായ ഹെഡ്‌ഗെ, താനും ഒരു ബ്രാഹമണനാണെന്ന രാഹുലിന്റെ വാദത്തെ പലതവണയായി ചോദ്യം ചെയ്യുന്നു. രാഹുലിന്റെ പിതാവ് ഒരു മുസ്ലീമായതിനാല്‍ രാഹുലിന് ഒരിക്കലും ഒരു ഹിന്ദു ആകാന്‍ സാധിക്കില്ലെന്ന് ജനുവരിയിലും ഹെഡ്‌ഗെ പറഞ്ഞിരുന്നു.

മുമ്പൊരിക്കല്‍ രാഹുല്‍ ഗാന്ധി ഒരു ‘സങ്കര ഇനം’ ആണെന്നും ലോകത്ത് ഒരു ലബോറട്ടറിയിലും അത്തരത്തില്‍ ഒന്ന് കാണാന്‍ സാധിക്കില്ലെന്നും ഹെഡ്‌ഗെ പറഞ്ഞിരുന്നു.

‘രാഹുല്‍ ഗാന്ധിക്ക് ഈ രാജ്യത്തെ കുറിച്ച് അറിയില്ല. തന്റെ മതത്തെ കുറിച്ചു പോലും അറിയില്ല. നോക്കൂ എങ്ങനെയാണ് അവര്‍ നുണ പറയുന്നത് എന്ന്. മുസ്ലിമായ ഒരു പിതാവ്, ക്രിസ്ത്യാനിയായ ഒരു മാതാവ്. അവരുടെ മകന്‍ ഒരു ബ്രാഹ്മണനും. എങ്ങെയാണ് അത് സാധ്യമാകുക?’ ഹെഡ്ഗെ ചോദിച്ചു.

മുസ്ലിങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും ഭരണഘടനയ്‌ക്കെതിരെയും പ്രസ്താവന നടത്താറുള്ള നേതാവാണ് ഹെഗ്‌ഡെ. ഹിന്ദു പെണ്‍കുട്ടികളെ തൊടുന്നവരുടെ കൈവെട്ടണമെന്ന് ഹെഡ്‌ഗെ നേരത്തെ പ്രസ്താവന നടത്തിയിട്ടുണ്ട്. താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ ശിവ ക്ഷേത്രമായിരുന്നെന്നും അതിന്റെ പേര് ‘തേജോ മഹാല്യ’ എന്നായിരുന്നെന്നും അനന്ത് കുമാര്‍ പറഞ്ഞിരുന്നു. ‘മതേതരം’ എന്ന വാക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഉടന്‍ തന്നെ ഭരണഘടന തിരുത്തുമെന്ന് 2017ല്‍ ആനന്ദ് ഹെഗ്ഡെ പറഞ്ഞത് വിവാദമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook