ന്യൂഡല്‍ഹി: ബലാത്സംഗ കേസുകളില്‍ സ്ത്രീ-പുരുഷന്മാര്‍ക്ക് തുല്യപരിഗണന നല്‍കുന്നതിന്റെ സാധ്യത ആരാഞ്ഞു കൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ബലാത്സംഗ കേസുകളെക്കുറിച്ച് പ്രതിപാദിക്കുന്ന 375, 376 വകുപ്പുകളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി. ഹരി ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

ബലാത്സംഗ കേസുകളില്‍ എല്ലായ്പ്പോഴും സ്ത്രീ ഇരയും പുരുഷന്‍ കുറ്റവാളിയുമായി പരിഗണിക്കപ്പെടുന്ന അവസ്ഥയാണെന്നു ചൂണ്ടിക്കാട്ടി സഞ്ജീവ് കുമാര്‍ എന്നയാളാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരം വകുപ്പുകള്‍ ലിംഗസമത്വത്തിന് എതിരാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

ലെംഗീക പീഡനം നടന്നത് എങ്ങനെയാണെന്നും എന്തുകൊണ്ടാണെന്നും തിരിച്ചറിയാന്‍ ഒരു വ്യക്തി സ്ത്രീയാണോ പുരുഷനാണോ എന്നു മനസ്സിലാക്കേണ്ടത് നിര്‍ണായകമാണ്. ബലാത്സംഗ കുറ്റം പുരുഷന്മാരില്‍ മാത്രം അടിച്ചേല്‍പ്പിക്കാവുന്ന ഒന്നാണെന്ന് എന്തുകൊണ്ടാണ് ഇപ്പോഴും കരുതുന്നത്. ഒരു സ്ത്രീ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നൊരു പുരുഷന്‍ അവകാശപ്പെട്ടാല്‍ അയാള്‍ ‘യഥാര്‍ത്ഥ പുരുഷന്‍’അല്ലെന്നു കരുതുന്ന സമൂഹത്തിലാണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത്. തുല്യതയ്ക്കുള്ള അവകാശം നല്‍കുന്ന ഭരണഘടന എന്തുകൊണ്ട് ബലാത്സംഗ കേസുകളില്‍ ഇത്തരം തുല്യത അനുവദിക്കില്ലെന്നും ഹര്‍ജിക്കാരന്‍ ചോദിക്കുന്നു.

ബലാത്സംഗ കേസുകളില്‍ ഒരു യാഥാര്‍ത്യം മാത്രമേ ഉള്ളൂവെന്നും, പുരുഷന്മാരെ ഇരയായി പരിഗണിക്കാനാവില്ലെന്നുമുള്ള വാദം അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് നിരീക്ഷിച്ച കോടതി സഞ്ജീവ് കുമാറിന്റെ ഹര്‍ജിയില്‍ ഒക്ടോബര്‍ 23ന് വാദം കേള്‍ക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ