ന്യൂഡല്‍ഹി: റഫാലില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി നല്‍കി സുപ്രീം കോടതി ഉത്തരവ്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ചോര്‍ന്ന രേഖകള്‍ തെളിവായി സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുതിയ രേഖകള്‍ സ്വീകരിക്കാന്‍ കോടതി അനുമതി നല്‍കി. പ്രതിരോധ രേഖകള്‍ സ്വീകരിക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഐക്യകണ്‌ഠേനെയാണ് വിധി പറഞ്ഞത് . ഹർജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും രഹസ്യ നിയമത്തിന്‍റെ ലംഘനമാണെന്നും അതിനാല്‍ ഇവ സ്വീകരിക്കരുത് എന്നുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ എതിര്‍പ്പ്.

രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിക്കുന്നതാണ് രേഖകളെന്നും ഹർജി തള്ളണമെന്നും സര്‍ക്കാര്‍ വാദിച്ചു. നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയമായി ഏറെ നിര്‍ണായകമാണ് കോടതി വിധി. റഫാലില്‍ അന്വേഷണം തള്ളിയ വിധി പുനഃപരിശോധിക്കണം എന്ന ഹർജികളില്‍ രണ്ട് തവണയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് തുറന്ന കോടതിയില്‍ വാദം കേട്ടത്. തുടർന്ന് വിധി പറയാന്‍ മാറ്റുകയായിരുന്നു.

Read: റഫേൽ ഫൈറ്റർ ജെറ്റിന് 41 ശതമാനം അധികം പണം മുടക്കി: റിപ്പോർട്ട്

കേന്ദ്ര സർക്കാരിന്റെ മുദ്ര വച്ച കവറിലെ വിവരങ്ങൾ വഴി വിധിയിൽ കടന്നു കൂടിയ സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട പിഴവ് കോടതി തിരുത്തുമോ എന്ന ചോദ്യവും പ്രധാനമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook