റായ്ഗഡ്: ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെടില്ലെന്നും അങ്ങനെ വന്നാൽ മരിക്കുമെന്നും ജനത കോൺഗ്രസ് ഛത്തീസ്ഗഡ് (ജെ) പാർട്ടി പ്രസിഡന്റ് അജിത് ജോഗി. ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പിന് രണ്ടു ദിവസം ബാക്കിനിൽക്കെയാണ് ജോഗിയുടെ പ്രസ്താവന.

ബിജെപിയുമായി സഖ്യം ചേരുമോയെന്ന് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ചോദിച്ചപ്പോഴാണ് രാഷട്രീയത്തില്‍ എന്തും സംഭവിക്കാമെന്ന് ജോഗി മറുപടി നൽകിയത്. ജോഗിയുടെ ഈ മറുപടിയെ കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കിയിരുന്നു.

”ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ല, അങ്ങനെ വന്നാൽ ഞാൻ മരിക്കും. മരിക്കേണ്ടി വന്നാൽ അതിന് തയ്യാറാണ്. പക്ഷേ ബിജെപിക്ക് പിന്തുണ നൽകുകയോ, അവരുടെ പിന്തുണ സ്വീകരിക്കുകയോ ചെയ്യില്ല. എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും കൈവച്ച് ഞാൻ ശപഥം ചെയ്യുന്നു, ബിജെപിക്ക് പിന്തുണ നൽകുകയോ സ്വീകരിക്കുകയോ ചെയ്യില്ല,” കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് പുതിയ പാർട്ടി രൂപീകരിച്ച ജോഗി പറഞ്ഞു.

ചൊവ്വാഴ്ചയാണ് 78 മണ്ഡലങ്ങളിലേക്കുളള അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 11 നാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook