ബാമെണ്ഡ: പശ്ചിമ കാമറൂണിലെ ബാമെണ്ഡയില്‍ സ്കൂളില്‍ നിന്നും 80ല്‍ അധികം പേരെ തട്ടിക്കൊണ്ടു പോയി. ഇതില്‍ ഭൂരിഭാഗവും സ്കൂള്‍ കുട്ടികളാണ്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടില്ലെന്ന് സര്‍ക്കാരും സൈനിക വക്താക്കളും വ്യക്തമാക്കി.

ഒരു പ്രത്യേക സംസ്ഥാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വിമതവിഭാഗം പ്രക്ഷോഭം നടത്തുന്ന പ്രദേശത്ത് നാളുകളായി സൈനിക നടപടി നടക്കുന്നുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശത്തെ വിഭാഗക്കാര്‍ കുറച്ച് നാളുകളായി പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി സ്കൂളുകള്‍ അടച്ച് പൂട്ടിച്ചിരുന്നു. ഫ്രഞ്ച് സംസാരിക്കുന്ന പ്രസിഡന്റ് പോള്‍ ബിയായ്ക്ക് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു സ്കൂളുകള്‍ അടപ്പിച്ചിരുന്നത്.

പ്രിന്‍സിപ്പാള്‍ അടക്കം 81 പേരെയാണ് അക്രമികള്‍ തട്ടിക്കൊണ്ടു പോയതെന്ന് സൈന്യത്തെ ഉദ്ദരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സംഭവത്തില്‍ നടപടികള്‍ പുരോഗമിക്കുന്നതായും കൂടുതല്‍ പ്രതികരണം ഇപ്പോള്‍ നടത്താനാവില്ലെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കി. 2017ല്‍ വിമതവിഭാഗത്തിന്റെ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ആരംഭിച്ചതോടെയാണ് പ്രദേശത്ത് സ്ഥിതിഗതികള്‍ വഷളായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ