ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫെയ്സ്ബുക്ക് സെക്യൂരിറ്റി വിവാദത്തിലായിരുന്നു രാഹുല്‍ ഗാന്ധി ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ചത്. ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നായിരുന്നു രാഹുലിന്റെ ആരോപണം.
സര്‍ക്കാരിന്റെ നുണ പുറത്തായെന്നും സര്‍ക്കാര്‍ മാധ്യമങ്ങളെ തങ്ങളുടെ വശത്താക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. ‘ പ്രശ്നം: 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു, സര്‍ക്കാര്‍ വിഷയത്തില്‍ പറഞ്ഞ കള്ളം പുറത്തായി. പരിഹാരം: കോണ്‍ഗ്രസും ഡാറ്റ മോഷണവും കഥയിറക്കുക. ഫലം: മാധ്യമങ്ങളെ പാട്ടിലാക്കാം, 39 ഇന്ത്യക്കാരും റഡാറില്‍ നിന്നും പുറത്ത്. പ്രശ്നം പരിഹരിക്കപ്പെട്ടു.’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
അതേസമയം, ഡാറ്റ ചോര്‍ത്തല്‍ വിവാദം ആരംഭിച്ചതു മുതല്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം പഴി ചാരുകയാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കേംബ്രിഡ്ജ് അനലറ്റിക്ക എന്ന കമ്പനിയുടെ സഹായം തേടിയെന്നാണ് കോണ്‍ഗ്രസിനെതിരായ ബിജെപിയുടെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ കോണ്‍ഗ്രസ് നിഷേധിച്ചു. ബിജെപി 2014 ല്‍ കമ്പനിയുടെ സഹായം തേടിയെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ബിജെപിയും ജെഡിയും കേംബ്രിഡ്ജ് അനലറ്റിക്കയുടെ സഹായം തേടിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
അമേരിക്കന്‍ തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ച കമ്പനി ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു. അഞ്ച് കോടിയിലധികം അക്കൗണ്ടുകളുടെ വിവരം ട്രംപിന്റെ വിജയത്തിനായി ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ വലിയ വിവാദമായിരിക്കുകയാണ്. ഇതിനിടെയാണ് ഈ കമ്പനിയ്ക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന ബിജെപിയുടെ ആരോപണം ഉയരുന്നത്.
Problem: 39 Indians dead; Govt on the mat, caught lying.
Solution: Invent story on Congress & Data Theft.
Result: Media networks bite bait; 39 Indians vanish from radar.
Problem solved.
— Rahul Gandhi (@RahulGandhi) March 22, 2018