ന്യൂഡല്‍ഹി: വിവാദമായ കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനി കോണ്‍ഗ്രസുമായി സഹകരിച്ചിട്ടുണ്ടാകാമെന്ന് വെളിപ്പെടുത്തല്‍. കമ്പനിയ്ക്ക് ഇന്ത്യയില്‍ ഓഫീസുകളും ജീവനക്കാരും ഉണ്ടെന്നും കേംബ്രിഡ്ജ് അനലിറ്റിക്കയിലെ മുന്‍ ജീവനക്കാരന് ക്രിസ്റ്റഫര്‍ വെയ്ല്. യുകെ പാര്ലമന്റെിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പടുത്തല്‍.
” ഇന്ത്യയില്‍ അവരുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് ആണെന്നാണ് എന്റെ വിശ്വാസം. പക്ഷെ അവര്‍ക്ക് എല്ലാ തരത്തിലുമുള്ള ജോലിയുമുണ്ടായിരുന്നു. എന്തെങ്കിലും നാഷണല്‍ പ്രൊജക്ടുകള്‍ ഉണ്ടായിരുന്നോ എന്ന് ഓര്‍മ്മയില്ല. പക്ഷെ പ്രാദേശികമായി ഉണ്ടെന്ന് അറിയാം. ഇന്ത്യയിലെ ഒരു സംസ്ഥാനം ബ്രിട്ടന്റെ അത്ര വലുതാണ്. പക്ഷെ അവര്‍ക്കവിടെ ഓഫീസും ജീവനക്കാരുമുണ്ട്,” ക്രിസ്റ്റഫര്‍ പറയുന്നു.
കമ്പനിയുടെ ഇന്ത്യയിലെ ജോലിയെ കുറിച്ചുള്ള വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നും അത് കമ്മറ്റിയ്ക്ക് മുമ്പാകെ ഹാജരാക്കാന്‍ തയ്യാറാണെന്നും ക്രിസ്റ്റഫര്‍ അറിയിച്ചു. അഞ്ച് കോടിയോളം ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും ആ വിവരങ്ങള്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്നുമാണ് കമ്പനിയ്ക്കെതിരായ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് തങ്ങളുടെ വിശദീകരണം നല്കാന് തങ്ങളുടെ ടെക്നോളജി വിഭാഗം തലവനെ കമ്മറ്റിയ്ക്ക് മുമ്പാകെ ഹാജരാക്കും എന്നാണ് ഫെയ്സ്ബുക്ക് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ഫെയ്സ്ബുക്ക് സിഇഒ ആയ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ ഹാജരാകണമെന്നാണ് കമ്മറ്റിയുടെ നിലപാട്. അതേസമയം, കേംബ്രിഡ്ജ് അനലിറ്റിക്കയും സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ചില കമ്പനികളുടേയും വിവരങ്ങളുമായാണ് ക്രിസ്റ്റഫര്‍ കമ്മിറ്റിയെ സമീപിച്ചത്.
നേരത്തെ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു. പുതിയ വെളിപ്പെടുത്തലോടെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം തങ്ങള്‍ക്ക് കമ്പനിയുമായി ബന്ധമില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.